തൊടുപുഴ: അരിക്കൊമ്പന്‍ തമിഴ്‌നാട് വനം വകുപ്പിന് തലവേദനയാകുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉള്‍ക്കാട്ടിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ആന ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടില്ല. അരിക്കൊമ്പന്റെ സാന്നിധ്യത്തില്‍ പ്രദേശത്ത് നിരീക്ഷണം കര്‍ശനമാക്കിയിരിക്കുകയാണ് തമിഴ്‌നാട് വനം വകുപ്പ്. എന്നാല്‍ അരിക്കൊമ്പന്റെ ജിപിഎസ് കോളര്‍ സിഗ്‌നല്‍ വിവരങ്ങള്‍ കേരളം നല്‍കുന്നില്ലെന്ന് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉന്നതരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായിട്ടില്ല. മേഘമലയിലേക്ക് ഇന്നും സഞ്ചരികളെ കടത്തി വിടേണ്ടെന്നാണ് തീരുമാനം. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായാല്‍ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് കരുതുന്നത്.
അരിക്കൊമ്പന്റെ റേഡിയോ കോളര്‍ സിഗ്‌നല്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് ആനയുടെ നീക്കം നിരീക്ഷിക്കാന്‍ ബുദ്ധമുട്ടുന്നതായി ചിന്നമന്നൂര്‍ റേഞ്ച് ഒഫീസര്‍ പറയുന്നു. നിലവില്‍ ജനവാസമേഖലയില്‍ നിന്ന് ആനയെ ഓടിച്ച് കാട്ടിലേക്ക് ഓടിച്ചിട്ടുണ്ട്. 120 പേരടങ്ങുന്ന സംഘത്തെതമിഴ്‌നാട് വനംവകുപ്പും അരിക്കൊമ്പനെ തുരത്താനായി നിയോഗിച്ചിട്ടുണ്ട്.
മേഘമലയിലും പരിസര പ്രദേശങ്ങളിലും അരീക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫീസറും തേനി ജില്ലാ പോലീസ് സൂപ്രണ്ടും നേരിട്ട് മേഘമലയില്‍ പരിശോധന നടത്തി. മേഘമല പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.