തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെടാത്ത പദ്ധതിയാണിതെന്നും കെല്‍ട്രോണുമായി മാത്രമാണ് സര്‍ക്കാരിന് ബന്ധമുള്ളതെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആദ്യം യോജിപ്പിലെത്തെട്ടെ, മുഖ്യമന്ത്രി ആരോപണത്തില്‍ മറുപടി പറയേണ്ടതില്ലെന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
‘പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി 15600 കോടിയുടെ പദ്ധതിയാണ് നടപ്പാക്കാന്‍ പോകുന്നത്. അതിന് ജനങ്ങളുടെ ഭാഗത്ത് നിന്ന് മികച്ച അംഗീകാരം ലഭിച്ചുകൊണ്ടിരിക്കെയാണ് ഇതിനെ മറയ്ക്കാന്‍ യുഡിഎഫും മാധ്യമങ്ങളും ചേര്‍ന്ന് സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തുന്നത്. നൂറ് ദിന പദ്ധതികള്‍ ജനങ്ങളിലേക്കെത്താതിരിക്കാന്‍ വേണ്ടിയുള്ള പ്രചാരണമാണിത്. അരിക്കൊമ്പന്‍ തമിഴ്നാട്ടിലേക്ക് കടന്നത് വലിയ വാര്‍ത്തയാകുമ്പോള്‍ വനമേഖലയില്‍ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വാര്‍ത്തയാകുന്നില്ല.
ഒരു നയാ പൈസയുടെ അഴിമതി പോയിട്ട് കേരള സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എഐ ക്യാമറ പദ്ധതിക്ക് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. പറയുന്നതിന് എന്തെങ്കിലും അര്‍ത്ഥംവേണം. എല്ലാം ചെലവഴിക്കുന്നത് കെല്‍ട്രോണ്‍ ആണ്. പ്രസാദിയോയുമായി സര്‍ക്കാരിന് യാതൊരു ബന്ധവുമില്ല. ഉപകരാറുകളെല്ലാം നിയമപരമാണ്. തോന്നിവാസം പറയുന്നതല്ല ആരോപണം. നിരവധി ഉപകരാറുകള്‍ ഉണ്ടാകും. അതില്‍ ബന്ധമുണ്ടാകും. അതിന് കെല്‍ട്രോണ്‍ ആണ് ഉത്തരവാദി. സര്‍ക്കാരിന് കെല്‍ട്രോണുമായിട്ട് മാത്രമാണ് ബന്ധം. കരാര്‍ കിട്ടാതിരുന്ന കമ്പനികള്‍ ഇങ്ങോട്ട് കയറി കളിക്കുകയാണ്. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട കാര്യമില്ല. സര്‍ക്കാരിനെതിരായ ആരോപണത്തിന് മന്ത്രിമാര്‍ മറുപടി നല്‍കിയിട്ടുണ്ട്’ ഗോവിന്ദന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പറയുന്നത് 100 കോടിയുടെ അഴിമതിയാണെന്നാണ്. ആകെ 232 കോടിയുടെ പദ്ധതിയിലാണ് 100 കോടി അഴിമതി ആരോപിക്കുന്നത്. മുന്‍ പ്രതിപക്ഷ നേതാവ് പറയുന്നത് 132 കോടിയുടെ അഴിമതിയാണ്. നിങ്ങള്‍ ആദ്യം ഒരു യോജിപ്പിലെത്തണം. എന്നാലെ ആളുകള്‍ക്ക് ബോധ്യപ്പെടൂ.അസംബന്ധങ്ങള്‍ വിളിച്ച് പറയുകയാണ്. പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും ശുദ്ധ അസംബന്ധമാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാം ഭാഗം കാണിക്കാതെ ഒന്നാം ഭാഗം ഉയര്‍ത്തിയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. കണ്‍ട്രോള്‍ റൂമും സാങ്കേതിക സഹായങ്ങളും അഞ്ചുവര്‍ഷത്തെ ശമ്പളവും ഉള്‍പ്പടെയുള്ളതാണ് പദ്ധതി. അത് കാണാതെയാണ് 57 കോടി മാത്രമേ ചെലവൂള്ളൂവെന്നും 100 കോടിയുടെ അഴിമതിയെന്നും വിളിച്ച് പറയുന്നത്. രമേശ് ചെന്നിത്തല ഉന്നയിക്കുന്ന 132 കോടി അഴിമതിയിലും രണ്ടാം ഭാഗം കണ്ടിട്ടില്ല. ആര്‍എസ്എസുകാര്‍ പ്ലാന്‍ ചെയ്യുന്നത് പോലെ കളവ് പ്രചരിപ്പിക്കുകയാണ് ഇവിടെയും ചെയ്യുന്നത്. പ്രതിപക്ഷ നേതൃത്വത്തിന്റെ അകത്ത് വടംവലിയാണ്. അതുകൊണ്ടാണ് സതീശന്‍ 100 കോടി പറഞ്ഞപ്പോള്‍ ചെന്നിത്തല 132 കോടി പറഞ്ഞത്.
എഐ ക്യാമറ സംവിധാന നടപ്പിലാക്കുന്നതിന് പൂര്‍ണ്ണമായും കെല്‍ട്രോണുമായിട്ടാണ് സര്‍ക്കാരിന് ബന്ധം. ഇതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പില്‍ പുതിയ തസ്തിക സൃഷ്ടിച്ചു. കെല്‍ട്രോണ്‍ ആണ് ഡിപിആര്‍ തയ്യാറാക്കിയത്. അഞ്ചു വര്‍ഷത്തേക്ക് ബി.ഒ.ടി അടിസ്ഥാനത്തിലാണ് പദ്ധതി തീരുമാനിച്ചത്. മന്ത്രിസഭാ തീരുമാന പ്രകാരം ഭരണാനുമതിയും നല്‍കി. കെല്‍ട്രോണ്‍ ടെന്‍ഡര്‍ വിളിച്ചു. നാലു കമ്പനികള്‍ പങ്കെടുത്തു. ഏറ്റവും കുറഞ്ഞ ടെന്‍ഡര്‍ തുക എന്ന നിലയില്‍ 165 കോടി എസ്ആര്‍ഐടിഎല്‍ എന്ന കമ്പനിക്ക് ഇത് നല്‍കി. ഇത്തരത്തില്‍ ഉപകരാര്‍ നല്‍കാനുള്ള വ്യവസ്ഥ ടെന്‍ഡര്‍ കരാറിലുണ്ട്. 232.25 കോടിയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് നല്‍കിയത്. പദ്ധതിയുടെ സ്ഥാപന തുക 142 കോടി രൂപയാണ്. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന മെയിന്റനന്‍സ് നല്‍കേണ്ടതും ഇവരാണ്. ആ തുക 56.24 കോടി രൂപയാണ്. ജിഎസ്ടി 35.76 കോടിയാണ്. ഇത് മൂന്നും ചേര്‍ന്നാലാണ് 232.25 കോടി രൂപ. ഇതാണ് വസ്തുത. ഇതിന്റെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായും മോട്ടോര്‍ വാഹന വകുപ്പിനാണ്. ഇന്ത്യയിലാദ്യമായി തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയത്..തുടങ്ങി ഒട്ടേറെ പ്രത്യേകതകള്‍ ഇതിനുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
726 ക്യാമറകളാണ് അഞ്ചു കൊല്ലത്തിന് പ്രാവര്‍ത്തികമാക്കിയത്. സംവിധാനം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കെല്‍ട്രോണിനാണ്.ക്യമാറ സ്ഥാപിച്ച ആദ്യ ദിനം 4.5 ലക്ഷം നിയമലംഘനങ്ങള്‍ നടന്നു. പിന്നീട് ജനങ്ങള്‍ക്ക് ബോധ്യം വന്നപ്പോള്‍ നിയമലംഘനം ഒന്നേകാല്‍ ലക്ഷമായി ചുരുങ്ങി. അത് ഇനിയും ചുരുങ്ങും. കുട്ടികളുടെ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് സിപിഎമ്മിന് പറയാനുള്ളത്.
നിലവിലുള്ള സംവിധാനത്തില്‍ വീഡിയോ ചിത്രീകരിച്ച് സൂക്ഷിക്കുന്നില്ല. അഞ്ചുവര്‍ഷംകൊണ്ടാണ് 20 ഗഡുക്കളായിട്ടാണ് കെല്‍ട്രോണിന് പണം ലഭിക്കുക. ചെന്നിത്തലയും സതീശനും തമ്മിലുള്ള തര്‍ക്ക പ്രശ്നമാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. കെല്‍ട്രോണിനെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കുന്ന എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ലോകോത്തര സ്ഥാപനമാണ് കെല്‍ട്രോണ്‍.
2018-ല്‍ തുടക്കമിട്ട പദ്ധതിക്കെതിരെ ഇതുവരെ ഒരു പരാതിയും ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ഈ വര്‍ഷം ജനുവരിയില്‍ വിജിലന്‍സ് അന്വേഷണത്തിനും വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.മുഴുവന്‍ വരട്ടെയെന്ന് വിചാരിച്ചിട്ടാണ് ഇതുവരെ മറുപടി പറയാതിരുന്നത്. ഇടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു അഴിമതിയും ഉണ്ടാകില്ല. ഏതെങ്കിലും തരത്തിലുള്ള അഴിമതിക്ക് ആര് ശ്രമിച്ചാലും അതിനെ കൂച്ചുവിലങ്ങിട്ട് അവസാനിപ്പിക്കാനാണ് സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും നിലപാടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.