തൃശൂര്‍: സ്വകാര്യബസില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവിനെ പോക്‌സോ ആക്ട് പ്രകാരം ശിക്ഷിച്ച് തൃശൂര്‍ കോടതി. പുത്തന്‍ചിറ സ്വദേശി ആലപ്പാട്ട് വീട്ടില്‍ വര്‍ഗീസിനെയാണ് കോടതി ശിക്ഷിച്ചത്. ഒരു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് തൃശൂര്‍ ഒന്നാം അഡീ ജില്ലാ ജഡ്ജ് പി.എന്‍. വിനോദ് വര്‍ഗീസിന് ശിക്ഷ വിധിച്ചത്.
2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വിട്ട് കൊടുങ്ങല്ലൂര്‍ റൂട്ടിലുള്ള ബസില്‍ വരികയായിരുന്ന ഒമ്പതും പതിനൊന്നും വയസുള്ള കുട്ടികള്‍ക്ക് നേരെയായിരുന്നു ഇയാളുടെ നഗ്‌നതാപ്രദര്‍ശനം. കൊടുങ്ങലൂര്‍ കാര ജങ്ക്ഷനില്‍ ഇറങ്ങിയ കുട്ടികളെ പ്രതി പിന്‍തുടര്‍ന്നു മിഠായി വാങ്ങി തരാമെന്നുപറഞ്ഞ് അടുത്തുകൂടുകയായിരുന്നു.
ഭയന്ന കുട്ടികള്‍ അടുത്ത വീട്ടിലേക്കു ഓടി വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകള്‍ പ്രതിയെ തടഞ്ഞുവെച്ചു പൊലീസിലേല്‍പിക്കുകയായിരുന്നു. പിന്നീട് കൊടുങ്ങല്ലൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേക്ഷണം നടത്തിയത്. സമൂഹത്തിനു സന്ദേശം നല്‍കുന്ന രീതിയില്‍ പ്രതിക്ക് ശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലിജി മധു കോടതിയില്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.