BREAKING NEWSKERALA

ദീര്‍ഘദൂര സ്വകാര്യ ബസ് പെര്‍മിറ്റ് പുതുക്കല്‍; ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്കു പെര്‍മിറ്റ് പുതുക്കി നല്‍കാനുള്ള കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനുള്ള എതിര്‍പ്പ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഹൈക്കോടതിയില്‍ തന്നെ ഉന്നയിക്കാന്‍ കെ.എസ്.ആര്‍.ടി.സിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. പെര്‍മിറ്റ് അനുവദിക്കുന്നതും ആയി ബന്ധപ്പെട്ട പുതിയ സ്‌കീം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ട് വരാനും കെ.എസ്.ആര്‍.ടി.സിക്ക് സുപ്രീം കോടതി അനുമതി നല്‍കി.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ കെ.എസ്.ആര്‍.ടി.സി ഫയല്‍ ചെയ്ത അപ്പീല്‍ ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, അരവിന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവ് ആണെന്നും, വേനല്‍ അവധിക്ക് ശേഷം അന്തിമ വാദം കേള്‍ക്കല്‍ ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ നടക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മെയ് 23 ന് ഹൈക്കോടതിയില്‍ അന്തിമ വാദം കേള്‍ക്കല്‍ ആരംഭിക്കുമെന്ന് കെ.എസ്.ആര്‍.ടി.സിയും, സ്വകാര്യ ബസ് ഉടമകളുടെ അഭിഭാഷകനും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹര്‍ജിയില്‍ അന്തിമ വാദം കേട്ട് എത്രയും വേഗം തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ചത്.
പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സ്‌കീം തയ്യാറായതായി കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയും, അഭിഭാഷകന്‍ ദീപക് പ്രകാശും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. പുതിയ സ്‌കീം നിലവില്‍ വന്നതിനാല്‍ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ കഴിയില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വാദം. സ്വകാര്യ ബസ് ഉടമകള്‍ക്ക് വേണ്ടി അഭിഭാഷകന്‍ എ കാര്‍ത്തിക് ഹാജരായി.
സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചാല്‍ കനത്ത നഷ്ടത്തില്‍ ഉള്ള കോര്‍പറേഷന്‍ അടച്ചുപൂട്ടേണ്ടി വരുമെന്നായിരുന്നു സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ കെ.എസ.്ആര്‍.ടി.സി വ്യക്തമാക്കിയത്. 140 കിലോമീറ്ററില്‍ മുകളില്‍ സര്‍വീസിനു പെര്‍മിറ്റ് ഉണ്ടായിരുന്നവര്‍ക്കു താല്‍ക്കാലികമായി പുതുക്കി നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്കു 140 കിലോമീറ്ററിനപ്പുറം സര്‍വീസ് അനുവദിക്കേണ്ടെന്നു ഗതാഗത വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. കേരള മോട്ടര്‍ വാഹന ചട്ടത്തിലെ ഭേദഗതി അനുസരിച്ച് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി കിട്ടാന്‍ അവകാശമില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വാദം. പൊതു താത്പര്യം കണക്കിലെടുത്ത് ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താനുള്ള അധികാരം തങ്ങളുടേത് മാത്രമാണെന്നാണ് അപ്പീലില്‍ കെ.എസ്.ആര്‍.ടി.സി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker