BREAKING NEWSKERALALATEST

അനുമതി തേടിയത് 21 യാത്രക്കാരെ കയറ്റാന്‍, ബോട്ടില്‍ 37പേര്‍; താനൂരില്‍ തിരച്ചില്‍ വീണ്ടും തുടങ്ങി, ഉടമയ്‌ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തും

മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടം നടന്ന തൂവല്‍ തീരത്ത് ഇന്നും ദേശീയ ദുരന്ത നിവാരണ സേന തിരച്ചില്‍ തുടങ്ങി. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേര്‍ന്നിരുന്നു. ആരെയും കണ്ടെത്താന്‍ ഉള്ളതായി സ്ഥിരീകരണം ഇല്ലെങ്കിലും ഇന്ന് കൂടി തിരച്ചില്‍ നടത്താനാണ് തീരുമാനം. എത്രപേര്‍ ബോട്ടില്‍ കയറിയെന്ന കൃത്യമായ കണക്ക് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം.

അതിനിടെ പ്രതി ബോട്ട് ഉടമ നാസറിനെതിരെ ഇന്ന് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. ഇന്നലെ കോഴിക്കോട് നിന്നും പിടിയിലായ നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂര്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നില്ല. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്.

ഇന്നലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് നാസറിനെ ചോദ്യം ചെയ്തിരുന്നു. ബോട്ട് ഓടിച്ചിരുന്ന താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരന്‍ രാജനും ഒളിവിലാണ്. മുന്‍ ദിവസങ്ങളില്‍ അമിതമായി യാത്രക്കാരെ കയറ്റി ദിനേശന്‍ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു. താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തില്‍ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം ‘അറ്റ്ലാന്റിക്’ ബോട്ട് നിയമങ്ങളും നിയന്ത്രണങ്ങളും ഒന്നും പാലിക്കാതെയാണ് സര്‍വീസ് നടത്തിയതെന്ന് കണ്ടെത്തി . 21 യാത്രക്കാരെവെച്ച് സര്‍വീസ് നടത്താനായിരുന്നു കേരള മാരിടൈം ബോര്‍ഡില്‍നിന്ന് അനുമതി തേടിയത്. ഇതിനുപോലും അന്തിമാനുമതി ലഭിച്ചിരുന്നില്ല. അപകടം നടന്ന ഞായറാഴ്ച 37 യാത്രക്കാരും ഡ്രൈവറടക്കം രണ്ടുജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.

മീന്‍പിടിത്തബോട്ടാണ് യാത്രാബോട്ടാക്കി മാറ്റാന്‍ ഉടമ അപേക്ഷ നല്‍കിയിരുന്നത്. ഇതിനുള്ള നിബന്ധനകള്‍ പാലിച്ചോ എന്നറിയാന്‍ മാരിടൈം ബോര്‍ഡിന്റെ സര്‍വേയര്‍ ആലപ്പുഴയില്‍ നിന്നെത്തി പരിശോധന നടത്തിയിരുന്നു. ഇതില്‍ ഒട്ടേറെ അപാകം കണ്ടതിനെത്തുടര്‍ന്ന് പരിഹരിക്കാന്‍ നിര്‍ദേശംനല്‍കി.

ഇവ പരിഹരിച്ചതായി കാണിച്ച് വീണ്ടും അപേക്ഷ നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ സര്‍വേയര്‍ വീണ്ടും ബോട്ട് പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനയുടെ ഫലം വരുംമുമ്പ്, കഴിഞ്ഞമാസം ബോട്ട് സര്‍വീസ് തുടങ്ങിയതായും മാരിടൈം ബോര്‍ഡ് പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker