BREAKING NEWSKERALALATEST

താനൂര്‍ ബോട്ട് ദുരന്തം: ബോട്ടുടമ നാസര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ‘അറ്റ്‌ലാന്റിക്’ ബോട്ടിന്റെ ഉടമനാസര്‍ അറസ്റ്റില്‍. കോഴിക്കോട് എലത്തൂരില്‍നിന്നാണ് നാസര്‍ പിടിയിലായത്. ഒരു വീട്ടില്‍ ഒളിവിലുണ്ടെന്ന് വിവരം ലഭിച്ചതോടെ പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു.
നാസറിന്റെ കാര്‍ കൊച്ചിപോലീസ് തിങ്കളാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ നാസറിന്റെ സഹോദരന്‍ സലാം, സഹോദരന്റെ മകന്‍, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരെയും കൊച്ചി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്.
ഞായറാഴ്ച രാത്രി മുതല്‍ ഒളിവില്‍ പോയ നാസറിനെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കാര്‍ കണ്ടെത്തുന്നത്. കാറിനുള്ളില്‍നിന്ന് നാസറിന്റെ ഫോണും കണ്ടെടുത്തിരുന്നു.
താനൂരില്‍ പൂരപ്പുഴ അറബിക്കടലിലേക്കുചേരുന്ന ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. അറ്റ്ലാന്റിക് എന്ന ഇരുനിലയുള്ള ബോട്ടിലെ രണ്ടുതട്ടിലും യാത്രക്കാരുണ്ടായിരുന്നു. കരയില്‍നിന്ന് 300 മീറ്റര്‍ ദൂരത്തുള്ളപ്പോള്‍ വലതുവശത്തേക്ക് ചെരിഞ്ഞ ബോട്ട് തലകീഴായി മറിയുകയായിരുന്നു. 37 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. പത്ത് പേരെ രക്ഷപ്പെടുത്തി. അഞ്ച് പേര്‍ അപകടത്തിന് പിന്നാലെ നീന്തിരക്ഷപ്പെട്ടതായും സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker