ജയ്പുര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ചേരിപ്പോര് മുറുകുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ തുറന്നടിച്ച് സച്ചിന്‍ പൈലറ്റ്. സോണിയ ഗാന്ധിയല്ല, ബിജെപിയുടെ വസുന്ധര രാജെയാണ് ഗെലോട്ടിന്റെ നേതാവെന്ന് വിമര്‍ശനം. സര്‍ക്കാരിനെ താഴെയിറക്കാന്‍ അമിത് ഷായില്‍ നിന്ന് പണം വാങ്ങിയെന്ന അശോക് ഗെലോട്ടിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സച്ചിന്‍ പൈലറ്റ്.
ധോല്‍പൂരില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം കേട്ടു. പ്രസംഗം കേട്ടപ്പോള്‍ സോണിയ ഗാന്ധിയല്ല, വസുന്ധര രാജെ സിന്ധ്യയാണ് ഗെലോട്ടിന്റെ നേതാവെന്ന് തോന്നി. ഒരു വശത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കുക എന്ന ദൗത്യമാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ വസുന്ധര രാജെ കോണ്‍ഗ്രസ് സര്‍ക്കാരിനെ രക്ഷിക്കുകയാണെന്ന് ഗെലോട്ട് പറയുന്നു. ഈ വൈരുദ്ധ്യം വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിച്ചും ബിജെപി നേതാക്കളെ പുകഴ്ത്തിയുമാണ് ഗെലോട്ടിന്റെ പ്രസംഗം. 40-45 വര്‍ഷമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന എംഎല്‍എമാരെയാണ് മുഖ്യമന്ത്രി ഗെലോട്ട് കുറ്റപ്പെടുത്തിയതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. അഴിമതിയും യുവാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉയര്‍ത്തിക്കാട്ടുന്നതിനായി പൈലറ്റ് അജ്മീറില്‍ നിന്ന് ജയ്പൂരിലേക്ക് ”ജന്‍ സംഘര്‍ഷ് യാത്ര” പ്രഖ്യാപിച്ചു. യാത്ര ആര്‍ക്കും എതിരല്ലെന്നും അഴിമതിക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.