BREAKING NEWSKERALALATEST

ഡോ വന്ദനയുടെ മരണം: സര്‍ക്കാരിനെതിരെ വാര്‍ത്തയ്ക്ക് ബൂര്‍ഷ്വാ പാര്‍ട്ടികളും മാധ്യമങ്ങളും ശ്രമിച്ചു: എംവി ഗോവിന്ദന്‍

കോഴിക്കോട്: ഡോ വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വാര്‍ത്തയുണ്ടാക്കാന്‍ ബൂര്‍ഷ്വാ പാര്‍ട്ടികളും മാധ്യമങ്ങളും ശ്രമിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. റോഡില്‍ മുറിവ് പറ്റി കിടന്നയാളെ പോലീസ് ആശുപത്രിയില്‍ കൊണ്ടുപോവുകയാണ് ചെയ്തത്. അവിടെയെത്തിയ ശേഷം അയാള്‍ അക്രമാസക്തനാവുകയും എല്ലാവരെയും ആക്രമിക്കുകയുമാണ് ചെയ്തതെന്ന് സിപിഎം പിബി അംഗം കൂടിയായ എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവന പിടിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രചരണമാക്കി വിഷയത്തെ മാറ്റാന്‍ ശ്രമിച്ചു. ഇത്ര മനുഷ്യത്വം ഇല്ലാത്ത കാര്യമാണോ ചെയ്യുന്നതെന്ന് ചോദിച്ച അദ്ദേഹം ദാരുണമായ സംഭവം നടന്നിട്ട് സര്‍ക്കാരിനെതിരെ എങ്ങനെ വാര്‍ത്ത ഉണ്ടാക്കാമെന്നാണ് ബൂര്‍ഷ്വാ പാര്‍ട്ടികളും മാധ്യമങ്ങളും നോക്കിയതെന്നും വിമര്‍ശിച്ചു.
സംസ്ഥാനത്ത് ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ജയിക്കാന്‍ പറ്റുന്ന ഒരു മണ്ഡലം പോലുമില്ല. മുസ്ലിം ലീഗിന്റെ പിന്തുണയില്ലെങ്കില്‍ വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി ജയിക്കില്ലായിരുന്നു. തമിഴ്‌നാട്ടില്‍ സിപിഎമ്മിനെ പോലെ തന്നെയാണ് കോണ്‍ഗ്രസും. രണ്ട് പാര്‍ട്ടികള്‍ക്കും ശക്തി കുറവാണ്. ബിജെപി സംസ്ഥാനവും കേന്ദ്രവും ഒരുമിച്ച് ഭരിച്ചാല്‍ എന്ത് സംഭവിക്കുമെന്നതിന്റെ നേര്‍ ഉദാഹരണമാണ് മണിപ്പൂര്‍. കലാപം ആസൂത്രണം ചെയ്യാന്‍ ആര്‍എസ്എസിനെ പോലെ മറ്റാര്‍ക്കും സാധിക്കില്ല. മണിപ്പൂരിലെ കലാപം ആസൂത്രിതമായി ചെയ്തതാണ്. കേരളവും അഗ്‌നിപര്‍വതത്തിന് മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എഐ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണം അദ്ദേഹം നിഷേധിച്ചു. എഐ ക്യാമറ പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് സ്ഥാപിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന വാദമാണ് എംവി ഗോവിന്ദന്‍ ഉയര്‍ത്തിയത്. പദ്ധതിയില്‍ ഉപ കരാര്‍ കൊടുക്കാതെ പറ്റില്ലായിരുന്നു. എഐ ക്യാമറ സ്ഥാപിക്കാന്‍ പല സാങ്കേതിക വിദ്യകള്‍ നടപ്പാക്കേണ്ടതുണ്ടായിരുന്നു. അത് മാത്രമേ നടന്നിട്ടുള്ളൂവെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker