BREAKING NEWSNATIONAL

ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ: പൊലീസ് ബാരിക്കേഡുകള്‍ ചാടിക്കടന്ന് ഗുസ്തി താരങ്ങള്‍; പാര്‍ലമെന്റിലേക്ക് മാര്‍ച്ച്

ന്യൂഡല്‍ഹി: ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുകയെന്ന ആവശ്യവുമായി പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്മാറാതെ ഗുസ്തി താരങ്ങള്‍. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ചാടിക്കടന്നാണ് ഗുസ്തി താരങ്ങള്‍ മുന്നോട്ട് പോകുന്നത്. വലിയ പൊലീസ് നിര ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും എല്ലാവരെയും മറികടന്ന് താരങ്ങള്‍ ദേശീയ പതാകയുമേന്തി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. ഡല്‍ഹിയില്‍ ഈ മേഖലയില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. വിനേഷ് ഫൊഗട്ടും, ബജ്‌റംഗം പൂനിയയും സാക്ഷി മാലിക്കും മുന്നില്‍ നിന്നാണ് മാര്‍ച്ച് നയിക്കുന്നത്.
എന്ത് വില കൊടുത്തും മഹിളാ സമാന്‍ ഖാപ് പഞ്ചായത്ത് നടത്തുമെന്ന് രാവിലെ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് നിഷ്‌ക്രിയമാണെന്നും നടപടി സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തിയാണ് സമരം. രാവിലെ മുതല്‍ ഡല്‍ഹി നഗരത്തില്‍ കനത്ത പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് സമരം മുന്നോട്ട് പോകുന്നത്.
ജന്തര്‍ മന്ദിറില്‍ നിന്ന് പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തിന് മുന്നിലേക്കാണ് മാര്‍ച്ച് നിശ്ചയിച്ചിരുന്നത്. ഇന്ന് പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം നടക്കുന്നതിനാലാണ് ഈ ദിവസം തന്നെ സമരത്തിനായി താരങ്ങള്‍ തെരഞ്ഞെടുത്തത്. സമരത്തിന് പിന്തുണയുമായി എത്തിയവരെ ഡല്‍ഹി അതിര്‍ത്തികളില്‍ പൊലീസ് തടഞ്ഞിരുന്നു. സമരം നടന്ന സ്ഥലത്ത് പിന്തുണയുമായി എത്തിയവരെ മാര്‍ച്ച് തുടങ്ങിയതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ റോഡിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്.
സമരം മുന്നോട്ട് പോകാതിരിക്കാന്‍ റോഡില്‍ മൂന്നിടത്തായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ആദ്യത്തെ രണ്ട് ബാരിക്കേഡുകളും മറികടന്ന താരങ്ങള്‍ മൂന്നാമത്തെ ബാരിക്കേഡിന് അടുത്തേക്ക് എത്തിയപ്പോഴേക്കും സമരക്കാരെ പൊലീസ് വളഞ്ഞു. പിന്നാലെ സാക്ഷി മാലിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സാക്ഷി മാലിക്കിനെ കൈയ്യേറ്റം ചെയ്യുന്ന സ്ഥിതിയുണ്ടായി.
ബ്രിജ് ഭൂഷണന്റെ വസതിക്ക് മുന്നിലും വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്റ് മാര്‍ച്ച് പൊലീസ് തടഞ്ഞതിന്റെ തൊട്ടടുത്താണ് ഈ വീട്. അതിനാലാണ് ഇവിടെ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ ഡല്‍ഹി പൊലീസിന്റെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷല്‍ കമ്മീഷണര്‍ സമരക്കാരുമായി സംസാരിക്കാനായി ഇവിടെ എത്തിയിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker