BREAKING NEWSKERALA

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി അറസ്റ്റില്‍

തൊടുപുഴ: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ വീണ്ടും ലൈംഗികാതിക്രമം. എറണാകുളം തൊടുപുഴ ബസില്‍ വാഴക്കുളത്തു വച്ച് ഇന്നു വൈകിട്ടാണ് സംഭവമുണ്ടായത്. യുവതിയുടെ പരാതിയില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മില്‍ അറസ്റ്റിലായി. ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോലാനി സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് പരാതിക്കാരി.
കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിലെ ജോലിക്കാരിയായ ഇവര്‍ കരിങ്ങാച്ചിറയില്‍ നിന്നാണ് ബസില്‍ കയറിയത്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്ന് പറയുന്നു. ബസിന്റെ മുന്‍വാതിലിനു സമീപം ഇരുന്ന പരാതിക്കാരിയുടെ സമീപത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു.
മൂവാറ്റുപുഴയെത്തിയപ്പോള്‍ അടുത്തുണ്ടായിരുന്ന യാത്രക്കാരി കൂടുതല്‍ സൗകര്യമുള്ള മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു. ഉറക്കത്തിലായിരുന്ന പരാതിക്കാരി ഇക്കാര്യം അറിഞ്ഞില്ല. ഇതിനിടെയാണ് മൂവാറ്റുപുഴയില്‍നിന്ന് ബസില്‍ കയറിയ പ്രതി ഇവരുടെ അടുത്ത് ഇരുന്നത്. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിച്ചു. ആദ്യം പകച്ചുപോയ ഇവര്‍ ഒതുങ്ങിയിരുന്നെങ്കിലും ഇയാള്‍ വീണ്ടും അതിക്രമം കാട്ടി.
ഇതോടെ യുവതി മൂന്നു പേര്‍ക്കുള്ള സീറ്റിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെ പ്രതി ഇവരുടെ സീറ്റിനു പിന്നിലെ സീറ്റില്‍ ചെന്നിരുന്ന് ശല്യം തുടര്‍ന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട കണ്ടക്ടര്‍ ഇടപെട്ടതോടെ സഹയാത്രികര്‍ പ്രതിയെ തടഞ്ഞുവച്ചു. ആദ്യം കണ്ടക്ടറോട് തര്‍ക്കിച്ച പ്രതി, പിന്നീട് ബസില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ സഹയാത്രികള്‍ ഷട്ടറുകള്‍ ഉള്‍പ്പെടെ താഴ്ത്തി പ്രതിയെ ബസില്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് അതേ ബസില്‍ തൊടുപുഴ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

Related Articles

Back to top button