BREAKING NEWSNATIONAL

ഒഡീഷ ട്രെയിന്‍ അപകടത്തില്‍പ്പെട്ടവരില്‍ മലയാളികളും, അന്തിക്കാട് സ്വദേശികളായ നാല് പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍ : ഒഡീഷ ബാലസോറിന് സമീപത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റവരില്‍ മലയാളികളും. കണ്ടശാങ്കടവ് സ്വദേശികളായ കിരണ്‍, വിജേഷ്, വൈശാഖ്, രഘു, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരു ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്ക് വേണ്ടി കൊല്‍ക്കത്തയില്‍ പോയി തിരിച്ചു വരുന്നതിനിടയിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. നാലുപേരുടെയും പരിക്ക് സാരമുള്ളതല്ല. ട്രെയിനിലെ സ്ലീപ്പര്‍ കമ്പാട്ടുമെന്റില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നു തങ്ങളെന്ന് അപകടത്തില്‍പ്പെട്ടവരില്‍ കിരണ്‍ വ്യക്തമാക്കി. പെട്ടന്നാണ് അപകടമുണ്ടായത്. എമര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് പുറത്തേക്കിറങ്ങിയത്. കമ്പാട്ടുമെന്റില്‍ ഒപ്പം യാത്ര ചെയ്യുകയായിരുന്ന ആളുകള്‍ അപകടത്തില്‍ മരിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേരെ പുറത്തേക്ക് എത്തിച്ച ശേഷമാണ് ഞങ്ങള്‍ രക്ഷപ്പെട്ടതെന്നും കിരണ്‍ പറഞ്ഞു.
അന്തിക്കാട് സ്വദേശികളായ എട്ടുപേരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൊല്‍ക്കത്തയിലേക്ക് പോയിരുന്നത്. ഇതില്‍ കരാറുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ കഴിഞ്ഞ ദിവസം അന്തിക്കാട് തിരികെയെത്തിയിരുന്നു. ബാക്കി നാലു പേര്‍ ഇന്ന് ട്രെയിനില്‍ തിരികെ വരുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. അപകടമുണ്ടായതിന് പിന്നാലെ നാല് പേരും സമീപത്തിലുള്ള വീട്ടില്‍ അഭയം തേടി. അതിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. തലയ്ക്കും മുഖത്തിനും പരിക്കേറ്റ നാല് പേരുടെയും നില ഗുരുതരമല്ല.

Related Articles

Back to top button