ബാലസോര്‍: 275 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡിഷ ബാലസോര്‍ ട്രെയിന്‍ അപകടത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടോ എന്ന് സംശയിക്കുന്നതായി റെയില്‍വേ വൃത്തങ്ങള്‍. മെയിന്‍ ലൈനിലേക്ക് ഗ്രീന്‍ സിഗ്‌നല്‍ ലഭിക്കുമ്പോഴും, ട്രാക്ക് ലൂപ് ലൈനിലേക്ക് തിരിച്ചു വച്ചതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടാ എന്നാണ് സംശയം. അപകടത്തിന്റെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ബലാസോറില്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം, അപകടത്തില്‍ മരിച്ച ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന ആരംഭിച്ചു. ഡിഎന്‍എ പരിശോധന ആവശ്യപ്പെടുന്നവര്‍ക്കായി ഹെല്പ് ലൈന്‍ നമ്പറും പുറത്ത് വിട്ടു.
പൊലീസ് ഒഡിഷ ട്രെയിന്‍ അപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അശ്രദ്ധ മൂലമുള്ള മരണം ജീവന്‍ അപകടത്തിലാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. വീഴ്ച വരുത്തിയ റെയില്‍വേ ജീവനക്കാര്‍ ആരെന്ന് കണ്ടെത്തിയിട്ടില്ല എന്നും എഫ് ഐ ആറില്‍ പറയുന്നു. അന്വേഷണം ഉടന്‍ സിബിഐയ്ക്ക് കൈമാറും.
ഒഡിഷ ട്രെയിനപകടത്തില്‍ മരണപ്പെട്ടവരില്‍ ജോലിക്കായി കേരളത്തിലേക്ക് പുറപ്പെട്ടവരുമുണ്ട്. പശ്ചിമ ബംഗാളിലെ പൂര്‍ബ ബര്‍ധമാന്‍ ജില്ലക്കാരനായ ഛോട്ടു സര്‍ദാര്‍ ആണ് മരണപ്പെട്ടവരില്‍ ഒരാള്‍. 18കാരനായ ഛോട്ടുവിനൊപ്പം ട്രെയിനിലുണ്ടായിരുന്ന അച്ഛന്‍ സുക്ലാല്‍ അപകടത്തില്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണ്. എന്‍ഡിടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കല്പണിക്കാരനാണ് സുക്ലാല്‍. ഇദ്ദേഹം വര്‍ഷങ്ങളായി കേരളത്തിലാണ് ജോലി ചെയ്യുന്നത്. ആദ്യമായാണ് സുക്ലാല്‍ മകനെ പണിക്ക് കൊണ്ടുപോയത്. 18 വയസ് തികഞ്ഞയുടന്‍ ജോലിക്കായി സുക്ലാല്‍ മകനെ കൊണ്ടുപോവുകയായിരുന്നു.
കേരളത്തിലേക്ക് പണിക്കായി പോവുകയായിരുന്ന സദ്ദാം ഷെയ്ഖും (28) അപകടത്തില്‍ മരണപ്പെട്ടു. സദ്ദാമിന് ഒരു മാസം പ്രായമായ മകനും ഭാര്യയുമുണ്ട്. കേരളത്തിലേക്ക് ജോലി തേടിപ്പോവുകയായിരുന്ന യേദ് അലി ഷെയ്ഖും (37) അപകടത്തില്‍ പെട്ടു. ഇയാളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.