കോട്ടയം: കൊല്ലം സുധിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ എട്ടരക്ക് പുതുപ്പള്ളി പൊങ്ങന്താനത്തെ വീട്ടില്‍ മൃതദേഹം എത്തിക്കും. തുടര്‍ന്ന് പത്തു മണിയോടെ പൊങ്ങന്താനം യുപി സ്‌കൂളില്‍ പൊതുദര്‍ശനം നടക്കും. പതിനൊന്നു മണിയോടെ വാകത്താനം ഞാലിയാക്കുഴി സെന്റ് മാത്യൂസ് ക്‌നാനായ കത്തോലിക്ക ചര്‍ചിലും പൊതുദര്‍ശനമുണ്ടാകും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തും. രണ്ടു മണിക്ക് തോട്ടയ്ക്കാട് റിഫോമ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ഇന്നലെയാണ് കൊല്ലം സുധി വാഹനാപകടത്തില്‍ മരണപ്പെട്ടത്. പുലര്‍ച്ചെ തൃശൂര്‍ പറമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. സുധി സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്. നിരവധി വര്‍ഷങ്ങളായി ഹാസ്യ രംഗത്ത് സുധി കൊല്ലം സജീവ സാന്നിധ്യമായിരുന്നു. 2015ല്‍ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്.
കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഫല്‍വേഴ്സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ സുധി കുടുംബപ്രേക്ഷകരുടെ പ്രിയ താരമായി. കരിയറിലെ ഒരു സുവര്‍ണകാലഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് സുധിയുടെ അപ്രതീക്ഷിത വിയോഗം.
വളവ് കടന്നുവന്ന പിക്കപ്പ് വാനാണ് താരം സഞ്ചരിച്ച വാഹനത്തിലിടിച്ചത്. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നുപോകുകയായിരുന്നു. വടകരയില്‍ ട്വന്റിഫോര്‍ കണക്ട് സമാപന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയായിരുന്നു താരത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ല.