BREAKING NEWSKERALA

സഹ സംവിധായികയും സുഹൃത്തും എംഡിഎംഎയുമായി അറസ്റ്റില്‍

കുന്നംകുളം: 17.5 ഗ്രാം എംഡിഎംഎയുമായി സീരിയല്‍ സഹസംവിധായികയെയും സുഹൃത്തിനെയും സിറ്റി പൊലീസ് പിടികൂടി. ചൂണ്ടല്‍ പുതുശേരി കണ്ണേത്തു സുരഭി (23), സുഹൃത്ത് കണ്ണൂര്‍ കരുവാഞ്ച തോയത്തു പ്രിയ (30) എന്നിവരെയാണു കൂനംമൂച്ചി ഭാഗത്തു നിന്നു പൊലീസ് പിടികൂടിയത്. ഒരുമിച്ചു ജീവിക്കുന്ന ഇവര്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ഇരകളെ കണ്ടെത്തി മാരക ലഹരിമരുന്നുകള്‍ വില്‍പന നടത്തുകയാണെന്നു കണ്ടെത്തി. പ്രതികളെ റിമാന്‍ഡ് ചെയ്തു.
സംസ്ഥാനാന്തര ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ള 2 യുവതികള്‍ വന്‍തോതില്‍ ലഹരിമരുന്നു വില്‍ക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ആവശ്യക്കാരെന്ന വ്യാജേന ഇവരെ ബന്ധപ്പെട്ടപ്പോഴാണ് എംഡിഎംഎയുമായി എത്താമെന്ന് ഏറ്റത്. ഇരുചക്ര വാഹനത്തില്‍ ലഹരിമരുന്നുമായെത്തിയ യുവതികളെ പൊലീസ് വളഞ്ഞിട്ടു പിടികൂടി. ഇവര്‍ പതിവായി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചു. 9000ലേറെ ഇന്‍സ്റ്റഗ്രാം ഫോളോവര്‍മാരുള്ള സുരഭിയെ ചാറ്റിങ്ങിലൂടെയാണു പ്രിയ പരിചയപ്പെട്ടത്. വിവാഹിതയായിരുന്ന പ്രിയ കുടുംബം ഉപേക്ഷിച്ചു സുരഭിക്കൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഒരു പാര്‍ട്ടിക്കിടെ ആകസ്മികമായാണ് എംഡിഎംഎ ഉപയോഗിച്ചതെന്നും പിന്നീട് ഒഴിവാക്കാനാകാത്ത നിലയിലേക്കു മാറിയെന്നും സുരഭി പൊലീസിനോടു പറഞ്ഞു. എംഡിഎംഎ വാങ്ങാനുള്ള പണം കണ്ടെത്താനുള്ള മാര്‍ഗമെന്ന നിലയ്ക്കാണു വില്‍പനയും തുടങ്ങിയത്. ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ മാഫിയയുമായി ഇവര്‍ക്കു നേരിട്ടു ബന്ധമുണ്ടെന്നാണു പൊലീസ് നല്‍കുന്ന സൂചന. എസിപി ടി.എസ്. സിനോജ്, എസ്എച്ച്ഒ യു.പി. ഷാജഹാന്‍, എസ്‌ഐ ഷിജു, ലഹരിവിരുദ്ധ സ്‌ക്വാഡ് എസ്‌ഐമാരായ എന്‍.ജി. സുവൃതകുമാര്‍, പി.എം. റാഫി, ഗോപാലകൃഷ്ണന്‍, രാകേഷ്, സീനിയര്‍ സിപിഒ പഴനിസ്വാമി, സിപിഒമാരായ സുജിത് കുമാര്‍, ലികേഷ്, വിപിന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker