കൊച്ചി: പരീക്ഷ എഴുതാതെ പാസ്സായെന്ന മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെട്ട സംഭവത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ വാദങ്ങളെല്ലാം ശരിയാണെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ് ജോയി. ആര്‍ഷോ പരീക്ഷക്ക് ഫീസടക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും എന്‍.ഐ.സി വെബ്‌സൈറ്റിനാണ് പിഴവുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ഷോ മൂന്നാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടുകയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നെന്ന് രാവിലെ നടത്തിയ പ്രസ്താവന പ്രിന്‍സിപ്പല്‍ തിരുത്തി.
മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ആര്‍ഷോ കുറ്റക്കാരനല്ലെന്നും എന്‍.ഐ.സി വെബ്‌സൈറ്റില്‍ ഗുരുതരമായ തെറ്റാണ് ഉണ്ടായതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്‍.ഐ.സി വെബ്‌സൈറ്റുമായി നിരവധി പരാതികളാണ് ഉണ്ടാകുന്നതെന്നും ഇക്കാര്യം എന്‍.ഐ.സിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രിന്‍സിപ്പല്‍.
നാലാം സെമസ്റ്ററിലാണ് ആര്‍ഷോ പുനഃപ്രവേശനം നേടിയത്. മൂന്നാം സെമസ്റ്ററിലാണ് പുനഃപ്രവേശനം നേടിയതെന്ന വാര്‍ത്ത തെറ്റാണ്. അതിന്റെ രേഖ സഹിതമാണ് നേരത്തെ സംസാരിച്ചത്. എന്‍ ഐ സി വെബ്‌സൈറ്റില്‍ പറയുന്നത് മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്തു എന്നതാണ്. എന്നാല്‍, കുട്ടികള്‍ വന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധിച്ചത്. അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്കായി ആര്‍ഷോ ഫീസ് അടച്ചതായി കാണുന്നില്ല. എന്‍ ഐ സിയുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് ഇതിന്റെ പിന്നിലും, പ്രിന്‍സിപ്പല്‍ പറഞ്ഞു.
അതേസമയം, മാര്‍ക്ക്‌ലിസ്റ്റ് വിവാദത്തില്‍ കെ.എസ്.യു എറണാകുളം മഹാരാജാസ് കോളേജിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.