കാഞ്ഞിരപ്പള്ളി: അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. ഇതോടെ കോളജില്‍ വിദ്യാര്‍ഥികള്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു. തിങ്കളാഴ്ച കോളജ് തുറക്കും. മന്ത്രിമാരായ ആര്‍.ബിന്ദുവും വി.എന്‍.വാസവനും ചീഫ് വിപ് എന്‍. ജയരാജും കോളജിലെത്തി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.ആദ്യം വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.
വിദ്യാര്‍ഥികളുടെ പരാതി പരിഹാര സെല്‍ പരിഷ്‌കരിക്കും. വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടതു പ്രകാരം ഹോസ്റ്റല്‍ വാര്‍ഡനെ മാറ്റും. താത്ക്കാലികമായി ചുമതല മറ്റൊരാള്‍ക്ക് നല്‍കും. സമരത്തില്‍ പങ്കെടുത്തതിന് വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്കനടപടികള്‍ ഉണ്ടാകില്ല. പൊലീസ് നടപടികളില്‍ വിദ്യാര്‍ഥികളും മാനേജ്മെന്റും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും കൂടുതല്‍ ഉന്നതതല ഉദ്യോഗസ്ഥര്‍ കോളജിലെത്തി അന്വേഷണം നടത്തുമെന്നും മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.
വിദ്യാര്‍ഥിനി ജീവനൊടുക്കാനുള്ള കാരണങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് നിര്‍ദേശിച്ചു. ഇതിനായി സിന്‍ഡിക്കറ്റംഗം പ്രഫ. ജി.സഞ്ജീവ്, ഡീന്‍ അക്കാദമിക് ഡോ.വിനു തോമസ് എന്നിവര്‍ ഇന്നു കോളജിലെത്തും. സംസ്ഥാന യുവജന കമ്മിഷന്‍ സംഭവത്തില്‍ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോടു റിപ്പോര്‍ട്ട് തേടി.
ഇന്നലെ കെഎസ്യു, എബിവിപി പ്രവര്‍ത്തകര്‍ കോളജിനു മുന്നില്‍ സമരം നടത്തി. കെഎസ്യു ജില്ലാ പ്രസിഡന്റ് കെ.എന്‍.നൈസാമിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. എബിവിപിയുടെ പ്രതിഷേധ മാര്‍ച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അരവിന്ദ് ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥി സമരത്തിനു പരിഹാരം കാണാന്‍ ഗവ. ചീഫ് വിപ് എന്‍.ജയരാജ്, ഡിവൈഎസ്പി എം.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോളജില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ചര്‍ച്ചയ്ക്കു ശേഷം പുറത്തു വന്ന ജയരാജിനെ വിദ്യാര്‍ഥികള്‍ തടഞ്ഞു. പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത വിധം കോളജ് കവാടങ്ങള്‍ അടച്ച് വിദ്യാര്‍ഥികള്‍ ഒരു മണിക്കൂറോളം സമരം നടത്തിയിരുന്നു.
സ്വാശ്രയ കോളജുകളില്‍ അച്ചടക്കത്തിന്റെ പേരിലും സദാചാരത്തിന്റെ പേരിലും കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നു മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചു. കോളജിലെ ഫുഡ് ടെക്‌നോളജി വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായഎറണാകുളം തിരുവാങ്കുളം സ്വദേശി ശ്രദ്ധയെ (20) കഴിഞ്ഞ വെള്ളിയാഴ്ചയാണു ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് ശ്രദ്ധയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. ജൂണ്‍ ഒന്നിനു രാവിലെ കോളജിലേക്കു പോയ ശ്രദ്ധ അന്നു രാത്രിയും പിറ്റേന്ന് രാവിലെയും വീട്ടിലേക്ക് വിളിച്ചിരുന്നതായി പിതാവ് പൊലീസിനോടു പറഞ്ഞു. ഉച്ചയ്ക്ക് വകുപ്പു മേധാവിയുടെ മുറിയില്‍ കയറുന്നതുവരെ ശ്രദ്ധ സന്തോഷവതി ആയിരുന്നുവെന്നു കൂട്ടുകാരികള്‍ പറഞ്ഞതായും പിതാവ് മൊഴി നല്‍കി.