BREAKING NEWSKERALA

പാലക്കയം കൈക്കൂലി: വില്ലേജ് അസിസ്റ്റന്റ് സുരേഷിനെ പിരിച്ചു വിടും, വില്ലേജ് ഓഫീസര്‍ക്കെതിരെയും നടപടി ശുപാര്‍ശ

പാലക്കാട്: പാലക്കയം കൈക്കൂലി കേസില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പിരിച്ചു വിടും. റവന്യു ജോയിന്റ് സെക്രട്ടറിയുടെ ശുപാര്‍ശ മന്ത്രി അംഗീകരിച്ചു. വില്ലേജ് ഓഫീസര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. വില്ലേജ് ഓഫീസര്‍ സജിത് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും വില്ലേജ് തല ജനകീയ സമിതി ചേരുന്നതില്‍ വീഴ്ച്ച ഉണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മുറിയില്‍ നിന്ന് ആകെ മുപ്പത്തിയഞ്ച് ലക്ഷത്തി ഏഴുപതിനായിരം രൂപയാണ് കണ്ടെത്തിയത്. പണത്തിന് പുറമെ കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റര്‍ തേന്‍, പടക്കങ്ങള്‍, കെട്ടുക്കണക്കിന് പേനകള്‍ എന്നിവയും കണ്ടെത്തിയിരുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് പാലക്കയം വില്ലേജ് ഓഫീസില്‍ തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാര്‍ എത്തുന്നത്. കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാര്‍ പണം കൊടുത്തില്ലെങ്കില്‍ ആവശ്യക്കാരെ മാസങ്ങളോളം നടത്തിക്കും. സര്‍വ്വെ പൂര്‍ത്തിയാക്കാത്ത പ്രദേശമായതിനാല്‍ പ്രദേശവാസികള്‍ക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പലരില്‍ നിന്നും 500 മുതല്‍ 10,000 രൂപ വരെയാണ് സുരേഷ് കൈപറ്റിയത്.
സുരേഷിന്റെ മണ്ണാര്‍ക്കാട് ലോഡ്ജ് മുറിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പണത്തിന് പുറമെ കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റര്‍ തേന്‍, പടക്കങ്ങള്‍, കെട്ടു കണക്കിന് പേനകള്‍ എന്നിവയാണ് കണ്ടെത്തിയത്. കൈക്കൂലിയായി പൈസ മാത്രമല്ല എന്തു കിട്ടിയാലും സുരേഷ് കുമാര്‍ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലന്‍സിന്റെ നിഗമനം. അനധികൃത സ്വത്ത് എങ്ങനെ സമ്പാദിച്ചെന്ന് വിജിലന്‍സ് അന്വേഷിക്കും. മുമ്പ് ജോലിയെടുത്തിരുന്ന വില്ലേജ് ഓഫീസുകളിലും ഇയാള്‍ വ്യാപകമായി ക്രമക്കേട് നടത്തിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button