മുംബൈ: നിയമം ലംഘിച്ച് തെളിവുകളും വിവരങ്ങളും മറച്ചുവച്ചാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരായ ലഹരിമരുന്നു കേസില്‍ ക്ലീന്‍ചിറ്റ് നല്‍കിയതെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുന്‍ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ. ബോംബെ ഹൈക്കോടതിയിലെ കേസില്‍ കക്ഷിചേരാനുള്ള അപേക്ഷയില്‍ ആണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കുടുംബത്തോടൊപ്പം വിദേശയാത്ര നടത്തിയെന്നതും ആഡംബര വസ്തുക്കള്‍ വാങ്ങിയെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളും വാങ്കഡെ തള്ളി. അതേസമയം, കേസില്‍ വാങ്കഡെയ്ക്ക് അറസ്റ്റില്‍നിന്നു രണ്ടാഴ്ചത്തേക്കുകൂടി കോടതി സംരക്ഷണം നല്‍കിയിട്ടുണ്ട്. കേസ് ഇനി ജൂണ്‍ 23ന് പരിഗണിക്കും.
‘ഐനോട്ട്’ എന്നു വിശേഷിപ്പിക്കുന്ന രഹസ്യാന്വേഷണ വിവരത്തില്‍ ചില വ്യക്തികളെ കുടുക്കാനായി വാങ്കഡെ ഭേദഗതി വരുത്തിയെന്ന് എന്‍സിബിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഇടി) പറയുന്നു. ആദ്യം വന്ന ഐനോട്ടില്‍ 10 പേരുടെ മാത്രമാണ് പേരുണ്ടായിരുന്നതെന്നും പിന്നീട് ആര്യന്‍ ഖാന്റെയും അബ്ബാസ് മെര്‍ച്ചന്റിന്റെയും പേരുള്‍പ്പെടുത്തി 27 പേരുടെ പട്ടികയായി വാങ്കഡെയുടെ നേതൃത്വത്തില്‍ അതു പുതുക്കുകയായിരുന്നുവെന്നുമാണ് എസ്ഇടിയുടെ നിലപാട്. എന്നാല്‍ 27 പേരുടെ പേരാണ് ആദ്യ ഐനോട്ടില്‍ ഉണ്ടായിരുന്നതെന്നും പത്തുപേരുടെ പേരാക്കി പിന്നീട് മാറ്റുകയായിരുന്നുവെന്ന് വാങ്കഡെയും നിലപാടെടുക്കുന്നു.