കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം കത്തി നില്‍ക്കുന്നതിനിടെ, ക്ലാസില്‍ കയറാതെ പരീക്ഷയെഴുതാന്‍ മഹാരാജാസില്‍ എസ്എഫ്‌ഐ നേതാവിന് പ്രിന്‍സിപ്പല്‍ അനുമതി നല്‍കിയ സംഭവം പുറത്തുവന്നു. വെറും 2% മാത്രം ഹാജര്‍ ഉണ്ടായിരുന്ന എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് പി.പി.അമല്‍ജിത്ത് ബാബുവിനാണ് പരീക്ഷയെഴുതാന്‍ കോളജ് അധികൃതര്‍ അനുമതി നല്‍കിയത്.
പരീക്ഷയ്ക്ക് ഹാജരാകാന്‍ ഒരു വിദ്യാര്‍ഥിക്ക് 75% ഹാജര്‍ വേണം. അമല്‍ജിത്ത് ബാബുവിന് കഴിഞ്ഞ അധ്യയനവര്‍ഷം ഉണ്ടായിരുന്ന ഹാജര്‍ 2% മാത്രം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മാഗസിന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ദിവസങ്ങള്‍ എന്നിവ കണക്കാക്കി ഹാജര്‍ 47% എന്ന് രേഖപ്പെടുത്തി.
പരീക്ഷയെഴുതാന്‍ അനുമതി നല്‍കാനാവില്ലെന്നാണ് ബിഎ ഹിസ്റ്ററി വകുപ്പിലെ ഡിപ്പാര്‍ട്‌മെന്റ് കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. ഇക്കാര്യം മിനിറ്റ്‌സില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍, യോഗതീരുമാനം അട്ടിമറിച്ച് പ്രിന്‍സിപ്പല്‍ അമല്‍ജിത്തിന് പരീക്ഷയെഴുതാന്‍ അനുമതി നല്‍കി.