BREAKING NEWSNATIONAL

ഇവിടെ ചൂടുകൂടിയപ്പോള്‍ രാഹുല്‍ വിദേശത്തുപോയി, അവിടെ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നു: അമിത് ഷാ

പാടന്‍ /ഗുജറാത്ത്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശത്ത് പോയി സ്വന്തം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഇന്ത്യയിലെ ജനങ്ങള്‍ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ അദ്ദേഹത്തിന്റെ പൂര്‍വികരെ കണ്ടുപഠിക്കണമെന്നും അമിത് ഷാ പറഞ്ഞു. യു.എസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രാഹുല്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
ഇന്ത്യന്‍ രാഷ്ട്രീയം ഇന്ത്യയില്‍ സംസാരിക്കുക എന്നതാണ് രാജ്യസ്നേഹിയായ ഒരു പൗരന്‍ ചെയ്യേണ്ടത്. മറ്റൊരു രാജ്യത്തെത്തി ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുകയും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് ഏതു പാര്‍ട്ടിയില്‍പ്പെട്ട നേതാവിനും ചേര്‍ന്ന പ്രവണതയല്ല. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ ഇതെല്ലാം സസൂക്ഷ്മം കണ്ടുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഓര്‍ത്താല്‍ നന്നാവും, അമിത് ഷാ പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ ബൃഹത്തായ മാറ്റങ്ങളാണ് നമ്മുടെ രാജ്യത്തുണ്ടായത്. എന്നാല്‍, കോണ്‍ഗ്രസ് ഇന്ത്യന്‍ വിരുദ്ധത പ്രചരിപ്പിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ചൂടു കൂടിയപ്പോള്‍ അവധി ആഘോഷിക്കാന്‍ വിദേശത്ത് പോയതാണ് രാഹുല്‍. അവിടെയെത്തി നമ്മുടെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നു. രാഹുല്‍ അദ്ദേഹത്തിന്റെ പൂര്‍വികരെ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു, അമിത് ഷാ പറഞ്ഞു.
പുതിയ പാര്‍ലമെന്റിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച അമിത് ഷാ, പുതിയ പാര്‍ലമെന്റ് ജവഹര്‍ലാല്‍ നെഹ്റു സ്ഥാപിക്കാനിരുന്നതാണെന്നും അദ്ദേഹം അത് ചെയ്യാത്തതിനാലാണ് മോദി ചെയ്തെന്നും അഭിപ്രായപ്പെട്ടു. മോദി സര്‍ക്കാര്‍ വികസന രാഷ്ട്രീയത്തിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്നും ചരിത്രത്തിലാദ്യമായി ഗോത്രവിഭാഗത്തില്‍പ്പെട്ട ഒരു വനിത രാഷ്ട്രപതിയായത് മോദിഭരണത്തിന്റെ കീഴിലാണെന്നും അമിത് ഷാ വ്യക്തമാക്കി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഗുജറാത്തിലെ പാടനില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker