BREAKING NEWSKERALALATEST

വിദ്യയുടെ വ്യാജ രേഖ: മഹാരാജാസ് കോളജില്‍ പൊലീസിന്റെ തെളിവെടുപ്പ്

കൊച്ചി: വ്യാജരേഖയുണ്ടാക്കി എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ അധ്യാപക ജോലി നേടിയെന്ന കേസില്‍ പൊലീസ് എറണാകുളം മഹാരാജാസ് കോളജിലെത്തി തെളിവ് ശേഖരിച്ചു. അഗളി ഡിവൈഎസ്പി എന്‍ മുരളീധരന്റെ നേതൃത്വത്തിലാണ് മഹാരാജാസിലെത്തി തെളിവുകള്‍ ശേഖരിച്ചത്.

കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ശര്‍മ്മിളയില്‍ നിന്നും അന്വേഷണ സംഘം വിവരം ശേഖരിച്ചു. കോളജ് അധികൃതർ അന്വേഷണവുമായി സഹകരിച്ചുവെന്ന് ഡിവൈഎസ്പി പറഞ്ഞു. വിദ്യ എവിടെയാണെന്ന് അറിയില്ലെന്നും, കണ്ടെത്താനായി അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഡിവൈഎസ്പി മുരളീധരൻ പറഞ്ഞു.

വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റിലെ സീൽ വ്യാജമാണെന്ന് വൈസ് പ്രിൻസിപ്പൽ പറഞ്ഞു. രേഖയിലെ തീയതിയും പിറ്റേ ദിവസവും അവധി ദിവസമായിരുന്നു. ഇത്തരത്തിലൊരു സർട്ടിഫിക്കറ്റ് കോളജിൽ നിന്നും നൽകിയിട്ടില്ലെന്നും വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ശർമ്മിള വ്യക്തമാക്കി. വിദ്യ ഹാജരാക്കിയ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിലെ സീലും പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

അഗളി സിഐ സലിമിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി കോളജിലും പരിശോധന നടത്തി. അട്ടപ്പാടി കോളജില്‍ വിദ്യ ഗസ്റ്റ് ലക്ചറര്‍ തസ്തികയ്ക്കായി അഭിമുഖത്തിന് എത്തിയത് ആര്‍ക്കൊപ്പം?, ആരുടെ സഹായം ലഭിച്ചു തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിദ്യയുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിക്കുകയാണ്.

ഒരാഴ്ച മുമ്പാണ് വ്യാജരേഖ കേസില്‍ വിദ്യക്കെതിരെ പൊലീസ് കേസെടുത്തത്. വിദ്യക്കെതിരെ മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതുവരെ വിദ്യ എവിടെയാണെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. വിദ്യയുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് സൂചിപ്പിച്ചു. വിദ്യയുടെ ഒളിയിടം കണ്ടെത്താനായി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്.

വിദ്യയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് മെല്ലെപ്പോക്ക് നയം പിന്തുടരുകയാണെന്ന് കെഎസ് യു ആരോപിച്ചു. മന്ത്രി അടക്കം സിപിഎം നേതാക്കളുടെ സംരക്ഷണയിലാണ് വിദ്യ ഒളിച്ചിരിക്കുന്നതെന്നും അതിനാലാണ് പൊലീസ് പിിടകൂടാത്തതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. അതിനിടെ, മുന്‍കൂര്‍ ജാമ്യം തേടി വിദ്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker