കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരേ കൈയേറ്റശ്രമമെന്ന് പരാതി. പോലീസ് കൊണ്ടുവന്ന രോഗി കോട്ടയം മെഡിക്കല്‍ കോളേജിലെ പി.ജി. ഡോക്ടറെ അസഭ്യംപറഞ്ഞെന്നും കൈയേറ്റംചെയ്യാന്‍ ശ്രമിച്ചെന്നുമാണ് പരാതി. ഇയാള്‍ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും വനിതാ ഡോക്ടര്‍ ആരോപിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പരാതിക്കാരിയായ ഡോക്ടര്‍ പറയുന്നതിങ്ങനെ:-
”ഞാന്‍ സര്‍ജറി കാഷ്വാലിറ്റിയില്‍ 24 മണിക്കൂര്‍ ഡ്യൂട്ടിയിലായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ആ സമയത്ത് ഡോക്ടറായി ഞാന്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. കൂടെയുണ്ടായിരുന്ന ഡോക്ടര്‍ ഈസമയം മറ്റൊരു രോഗിയെ പരിശോധിക്കാനായി മറ്റൊരുമുറിയിലേക്ക് പോയതായിരുന്നു. രോഗികളും കൂടെവന്നവരുമായി ഇരുപതോളം പേരും സ്ഥലത്തുണ്ടായിരുന്നു.
ഏറ്റുമാനൂര്‍ പോലീസ് കൊണ്ടുവന്ന രോഗിയായിരുന്നു അയാള്‍. അയാളെ വീല്‍ചെയറില്‍ കൊണ്ടുവന്ന് ഇരുത്തി. വന്നപ്പോള്‍ തൊട്ട് അയാള്‍ ബഹളമായിരുന്നു. ഇത് മറ്റുരോഗികളെ പരിശോധിക്കുന്നതിന് ബുദ്ധിമുട്ടായതോടെ നഴ്സിനോട് പറഞ്ഞ് മറ്റൊരു ജീവനക്കാരനെ വിളിപ്പിച്ചു. തുടര്‍ന്ന് അയാളെ ട്രോളിയില്‍ കിടത്തി കെട്ടിയിട്ടു. അതിനുശേഷവും ഭയങ്കരമായി ബഹളംവെച്ചു. സഹിക്കവയ്യാതെ പോലീസ് എയ്ഡ്പോസ്റ്റില്‍ അറിയിച്ചു. പരാതി അറിയിച്ചശേഷം തിരിച്ചുവന്നപ്പോള്‍ അയാള്‍ അസഭ്യംപറഞ്ഞു. ബലാത്സംഗംചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അതോടെ വീണ്ടും പോയി പരാതിപ്പെട്ടതോടെയാണ് പോലീസും സുരക്ഷാ ജീവനക്കാരും എത്തിയത്. അവരുടെ സാന്നിധ്യത്തിലും ഭീഷണി തുടര്‍ന്നു. പിന്നീട് മറ്റൊരു ഡോക്ടര്‍ വന്ന് അയാളുടെ പരിശോധന പൂര്‍ത്തിയാക്കി ഒബ്സര്‍വേഷന്‍ റൂമിലേക്ക് മാറ്റുകയായിരുന്നു”.
സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പോലീസ് തന്റെ മൊഴിയെടുത്തിട്ടുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. തട്ടുകടയില്‍ അടിപിടിയുണ്ടാക്കിയ കേസിലെ പ്രതിയാണെന്നാണ് പോലീസ് പറഞ്ഞത്. ഒബ്സര്‍വേഷന്‍ റൂമിലേക്ക് മാറ്റിയ ഇയാളെ പിന്നീട് ആശുപത്രിയില്‍നിന്ന് കാണാതായെന്നും പോലീസുകാര്‍ രോഗിയെ ആശുപത്രിയിലിറക്കി പോകുന്നത് സ്ഥിരമാണെന്നും ഡോക്ടര്‍ പറഞ്ഞു.