ആലപ്പുഴ: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കലിംഗ സര്‍വ്വകലാശാല. നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ സര്‍വകലാശാലയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാര്‍ പറഞ്ഞു. നിഖില്‍ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി. മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാര്‍ കൂട്ടിച്ചേര്‍ത്തു.
എംഎസ്എം കോളേജ് മുന്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ തോമസിന് പ്രവേശനം നല്‍കുന്നതില്‍ മാനേജര്‍ക്ക് വീഴ്ച പറ്റിയെന്ന് കോളേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി.ഹാരിസ് പ്രതികരിച്ചിരുന്നു. രേഖകള്‍ പരിശോധിച്ച് വിലയിരുത്തേണ്ട ഉത്തരവാദിത്തം മാനേജര്‍ക്കും പ്രിന്‍സിപ്പലിനുമാണെന്നും, ഏത് രാഷ്ട്രീയ നേതാവാണ് ശുപാര്‍ശ ചെയ്തെന്ന് വ്യക്തമാക്കേണ്ടത് മാനേജറാണെന്നും ഷേക്ക് പി.ഹാരിസ് പറഞ്ഞു.
നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനില്‍ ആണെന്ന് ഉറപ്പിച്ചുവെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ പ്രതികരണം. വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം തള്ളിയ എസ്എഫ്ഐ കലിംഗ സര്‍വകലാശാലയില്‍ അഡ്മിഷന്‍ എടുത്ത ശേഷം കേരള യൂണിവേഴ്സിറ്റി രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്തുവെന്നും വ്യക്തമാക്കിയിരുന്നു.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എം കോമിന് ചേര്‍ന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് നിഖില്‍ തോമസിനെ എസ് എഫ് ഐയുടെ ജില്ലാ കമ്മറ്റി, കായംകുളം ഏരിയാ സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്ന് നീക്കിയിരുന്നു. നിഖില്‍ തോമസ് ഇപ്പോള്‍ കായംകുളം എം എസ് എം കോളേജിലെ രണ്ടാം വര്‍ഷ എം കോം വിദ്യാര്‍ഥിയാണ്. ഇതേ കോളേജില്‍ തന്നെയാണ് 2017-20 കാലഘട്ടത്തില്‍ ബികോം ചെയ്തത്. പക്ഷേ നിഖില്‍ ഡിഗ്രിക്ക് തോറ്റുപോയിരുന്നു. പക്ഷെ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം നിഖില്‍ ഇവിടെ തന്നെ എം കോമിന് ചേര്‍ന്നു. അഡ്മിഷനായി ഹാജരാക്കിയത് കലിംഗ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റായിരുന്നു.
2019 മുതല്‍ കലിംഗയില്‍ പഠിച്ചെന്നാണ് നിഖിലിന്‌റെ വാദം. ഇതോടെയാണ് എംഎസ്എം കോളേജില്‍ നിഖിലിന്‌റെ ജുനിയര്‍ വിദ്യാര്‍ഥിനി കൂടിയായ ജില്ലാ കമ്മിറ്റി അംഗം ഡിഗ്രി വ്യാജമെന്ന് ആരോപിച്ച് പാര്‍ട്ടിക്ക് പരാതി നല്കിയത്. സംഭവത്തില്‍ 2019 ല്‍ താന്‍ കേരളയിലെ രജിസ്‌ട്രേഷന് ക്യാന്‍സല്‍ ചെയ്തിരുന്നു എന്നായിരുന്നു നിഖിലിന്റെ ആദ്യ ന്യായീകരണം. ഇത് പൊളിഞ്ഞു. 2019 ല്‍ നിഖില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറും 2020 ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
ഒരേ സമയത്ത് രണ്ട് ഡിഗ്രി സാധ്യമല്ലെന്ന് വ്യക്തമായതോടെ കായംകുളം ഏരിയാ സെക്രട്ടറി, ആലപ്പുഴ ജില്ലാ കമ്മിറ്റി സ്ഥാനങ്ങളില്‍ നിന്ന് നിഖിലിനെ നീക്കുകയായിരുന്നു. ഇക്കാര്യം സിപിഎം സിപിഎം ജില്ല സെക്രട്ടറി ആര്‍ നാസര്‍ സ്ഥിരീകരിക്കുകയും ചെയ്തു.ഡിഗ്രിയുടെ കാര്യത്തില്‍ പ്രശ്‌നമുണ്ടെന്ന് നിഖില്‍ തോമസും സമ്മതിച്ചു. എന്നാല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂവെന്നാണ് വിശദീകരണം. തനിക്ക് 26 വയസ്സായതു കൊണ്ടാണ് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതെന്നും നിഖില്‍ പ്രതികരിച്ചു.
യഥാര്‍ഥ ഡിഗ്രി ആവശ്യപ്പെട്ടപ്പോള്‍ നിഖില്‍ പാര്‍ട്ടിക്ക് കൈമാറിയത് നിഖിലിന്റെ കലിംഗ ഡിഗ്രി തതുല്യ യോഗ്യതയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍വകലാശാലയുടെ ഒരു കത്താണ്. യഥാര്‍ത്ഥ സര്ട്ടിഫിക്കറ്റ് സര്‍വ്വകലാശാലയുടെ പക്കലാണെന്നായിരുന്നു ന്യായീകരണം. ഈ കത്ത് നിഖിലിന് എങ്ങിനെ ലഭിച്ചു എന്നതിനെക്കുറിച്ചും വിശദമായി അന്വേഷിക്കാനാണ് പാര്‍ട്ടി തീരുമാനം.