KERALALATEST

സംസ്ഥാന എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: ഒന്നാം റാങ്ക് കണ്ണൂര്‍ സ്വദേശിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ആര്‍. ബിന്ദുവാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. കണ്ണൂര്‍ സ്വദേശി സഞ്ജയ് പി.മല്ലാറിനാണ് ഒന്നാം റാങ്ക് (സ്‌കോര്‍ 583). രണ്ടാം റാങ്ക് കോട്ടയം സ്വദേശി ആഷിഖ് സ്റ്റെന്നിക്ക് (സ്‌കോര്‍ 575). കോട്ടയം സ്വദേശി ഫ്രെഡി ജോര്‍ജ് റോബിനാണ് മൂന്നാം റാങ്ക് (572).
എസ്‌സി വിഭാഗത്തില്‍ പത്തനംതിട്ട സ്വദേശി എസ്.ജെ. ചേതന ഒന്നാം റാങ്ക് നേടി (441). കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദിനാണ് രണ്ടാം റാങ്ക് (437). എസ്ടി വിഭാഗത്തില്‍ എറണാകുളം സ്വദേശി ഏദന്‍ വിനു ജോണ്‍ ഒന്നാം റാങ്ക് നേടി (387). പാലക്കാട് സ്വദേശി എസ്. അനഘ രണ്ടാം റാങ്ക് നേടി (364). വിദ്യാര്‍ഥികള്‍ക്കു മന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നു.
49671 പേരാണ് ഇത്തവണത്തെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്. ഇതില്‍ 24325 പേര്‍ പെണ്‍കുട്ടികളും 25346 പേര്‍ ആണ്‍കുട്ടികളുമാണ്. സംസ്ഥാന ഹയര്‍സെക്കന്‍ഡറി സിലബസില്‍ നിന്നും 2043 പേരും സിബിഎസ്ഇയില്‍ നിന്നും 2790 പേരുമാണ് ആദ്യ അയ്യായിരം റാങ്കുകളില്‍ യോഗ്യത നേടിയത്.
2023-24 അധ്യയന വര്‍ഷത്തെ സംസ്ഥാന എന്‍ജിനീയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 17നാണു നടന്നത്. മൂല്യനിര്‍ണയത്തിനു ശേഷം പ്രവേശന പരീക്ഷയുടെ സ്‌കോര്‍ മേയ് 31നു പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കുകള്‍ കൂടി സമീകരിച്ചു കൊണ്ടുള്ള എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റാണ് പ്രസിദ്ധപ്പെടുത്തിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker