ആഗ്ര: ഉത്തര്‍പ്രദേശിലെ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ലൈസന്‍സ് പുതുക്കല്‍ നടപടിക്കിടെ വന്‍ തട്ടിപ്പ് കണ്ടെത്തി അധികൃതര്‍. ആഗ്രയിലെയും സമീപ ജില്ലകളിലെയും 449 ആശുപത്രികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 15 ഡോക്ടര്‍മാരുടെ പേരിലാണെന്ന് കണ്ടെത്തി. ഒരു ഡോക്ടറുടെ മാത്രം പേരില്‍ 83 ആശുപത്രികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഈ ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ അരുണ്‍ കുമാര്‍ ശ്രീവാസ്തവ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ പേരില്‍ ലൈസന്‍സ് സമ്പാദിച്ച് മറ്റുപലരും വ്യാപകമായി ആശുപത്രികളും ക്ലിനിക്കുകളും ലാബുകളും നടത്തുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഉത്തര്‍പ്രദേശിലെ ആശുപത്രികളുടെ ലൈസന്‍സ് പുതുക്കല്‍ നടപടി ഇത്തവണ ഓണ്‍ലൈനില്‍ ആക്കിയതോടെയാണ് വന്‍ തട്ടിപ്പ് പുറത്തുവന്നത്. ഹൃദ്രോഗവിദഗ്ധര്‍, ശിശുരോഗ വിദഗ്ധര്‍, ശസ്ത്രക്രിയാ വിദഗ്ധര്‍ എന്നിവരുടെയെല്ലാം പേരില്‍ മറ്റുള്ളവര്‍ അനധികൃതമായി ലൈസന്‍സ് നേടി ആശുപത്രികള്‍ നടത്തുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
2022-23 ല്‍ യുപിയില്‍ 1269 മെഡിക്കല്‍ സെന്ററുകളാണ് പുതുതായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ഓണ്‍ലൈനില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പരിശോധിച്ച് 570 ആശുപത്രികളുടെ ലൈസന്‍സ് അധികൃതര്‍ പുതുക്കി നല്‍കി. ലൈസന്‍സ് പുതുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ പരിശീലനം നേടിയ ജീവനക്കാരുടെ വിവരങ്ങളടക്കം പല ആശുപത്രികളും ഉള്‍പ്പെടുത്തിയിട്ടില്ല. അഗ്‌നിരക്ഷാ സംവിധാനങ്ങളെപ്പറ്റിയും മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളെക്കുറിച്ചും പലരും വിവരങ്ങള്‍ നല്‍കിയിട്ടില്ല.
ആശുപത്രിയിലെ മറ്റ് സൗകര്യങ്ങളെക്കുറിച്ച് നല്‍കിയ വിവരങ്ങളില്‍ സംശയമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ ഗൗരവതരമാണെന്ന് വ്യക്തമാക്കി ഐഎംഎ ആഗ്ര ഘടകം രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണത്തിലും തുടര്‍ നടപടികളിലും എല്ലാ പിന്തുണയും നല്‍കുമെന്നും സംഘടന അറിയിച്ചു.