പുണെ: മഹാരാഷ്ട്രയിലെ രാജ്ഗഡ് കോട്ടയില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. മരിച്ച ദര്‍ശന പവാറിന്റെ (26) ആണ്‍സുഹൃത്തായ രാഹുല്‍ ഹാന്‍ഡോറിനു (25) വേണ്ടിയാണ് തിരച്ചില്‍. ഞായറാഴ്ചയാണ് ദര്‍ശനയെ മഹാരാഷ്ട്രയിലെ പുണെയിലുള്ള രാജ്ഗഡ് കോട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഹമ്മദ്നഗറിലെ പഞ്ചസാര മില്ലിലെ ഡ്രൈവറുടെ മകളായ ദര്‍ശന, അടുത്തിടെ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ (ആര്‍എഫ്ഒ) തസ്തികയിലേക്കുള്ള മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മിഷന്‍ (എംപിഎസ്സി) പരീക്ഷ പാസായിരുന്നു.
‘മരിച്ച ദര്‍ശന കൊല്ലപ്പെട്ടതാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ദര്‍ശനയുടെ ശരീരത്തില്‍ ഒന്നിലധികം മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. കൊലയാളിയെയും കൊലപാതകത്തിനു പിന്നിലെ കാരണത്തെയും കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിനു കേസ് റജിസ്റ്റര്‍ ചെയ്തു.” വെല്‍ഹെ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് പവാര്‍ പറഞ്ഞു.
പൊലീസ് പറയുന്നതനുസരിച്ച്, ജൂണ്‍ 9നാണ് ദര്‍ശന പുണെയില്‍ എത്തിയത്. നര്‍ഹെ ഏരിയയില്‍ ഒരു വനിതാ സുഹൃത്തിനൊപ്പമായിരുന്നു താമസം. അക്കാദമിയുടെ അനുമോദനച്ചടങ്ങില്‍ പങ്കെടുത്തു. ജൂണ്‍ 12ന് സിംഹഗഡ് കോട്ട സന്ദര്‍ശിക്കാന്‍ പോകുകയാണെന്നു ദര്‍ശന മാതാപിതാക്കളെ അറിയിച്ചു. രാജ്ഗഡ്, സിംഹഗഡ് കോട്ടകളില്‍ ട്രക്കിങ്ങിനു പോകുകയാണെന്നാണ് കൂടെ താമസിച്ചിരുന്ന സുഹൃത്തിനോടു പറഞ്ഞത്.
എന്നാല്‍ ഇതിനുശേഷം കുടുംബത്തിനു ദര്‍ശനയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. രാഹുലിന്റെ വീട്ടുകാരും പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് 18നു ദര്‍ശനയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. വെല്‍ഹെയില്‍നിന്നാണ് ദര്‍ശനയുടെ അവസാന ഫോണ്‍കോളെന്ന് പൊലീസ് കണ്ടെത്തി. സിംഹഗഡ് കോട്ടയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ രാജ്ഗഡ് കോട്ടയുടെ അടിവാരത്തുനിന്നാണ് ഫോണ്‍ കണ്ടെത്തിയത്.
നാസിക് ജില്ലയിലെ സിന്നാര്‍ താലൂക്കില്‍ നിന്നുള്ള രാഹുല്‍ ഹാന്‍ഡോര്‍, പുണെയില്‍ സിവില്‍ സര്‍വീസിന് തയാറെടുക്കുന്ന ബിരുദധാരിയാണ്. ജൂണ്‍ 12നു രാവിലെ 6:10ന് രാഹുലും ദര്‍ശനയും ഒരുമിച്ച് രാജ്ഗഡിലേക്കു കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. എന്നാല്‍ 10 മണിയോടെ രാഹുല്‍ ഒറ്റയ്ക്കാണ് മടങ്ങിവന്നത്. ഇതിനുശേഷം രാഹുല്‍ എവിടെപ്പോയെന്ന് ഒരു വിവരവുമില്ല. രാഹുലിനെ കണ്ടെത്താന്‍ അഞ്ചു സംഘമായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.