LATESTNATIONAL

വിസ തട്ടിപ്പിനിരയായ കോട്ടയം സ്വദേശിനി മലേഷ്യയിൽ കുടുങ്ങി; തൊഴിലുടമയിൽ നിന്ന് നേരിട്ടത് ക്രൂരപീഡനം

വിസ തട്ടിപ്പിനിരയായ കോട്ടയം മുണ്ടക്കയം സ്വദേശിയായ യുവതി മലേഷ്യയിൽ കുടുങ്ങി. രണ്ടു വർഷത്തേക്കുള്ള തൊഴിൽ വിസയെന്ന് കബളിപ്പിച്ചാണ് ചെന്നൈയിലെ ഏജൻറ് ഇരയായ കവിതയെ മലേഷ്യയിലേക്ക് എത്തിച്ചത്. എന്നാൽ വിസയുടെ കാലാവധി ഒരു മാസം മാത്രമായിരുന്നു. തുടർന്ന് തൊഴിലുടമ ക്രൂരമായി മർദിച്ചുവെന്നും, പാസ്പോർട്ട് അടക്കമുള്ള രേഖകൾ പിടിച്ചുവച്ചെന്നും കവിത പറഞ്ഞു.

മകളുടെ എഞ്ചിനീയറിംഗ് പഠനം മുന്നിൽ കണ്ടാണ് കവിത മലേഷ്യയിലേക്ക് പോകാൻ തീരുമാനിച്ചത്. തുടർന്ന് ചെന്നൈയിലെ ഏജന്റിനെ ബന്ധപ്പെടുകയും രണ്ട് വർഷത്തേക്കുള്ള തൊഴിൽ വിസ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ കഴിഞ്ഞ നവംബറിൽ ഇവിടെ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്.

തയ്യൽ ജോലിക്കായി മലേഷ്യയിലെത്തിയ കവിത ഇവിടെ ഒരു സ്ഥാപനത്തിൽ ആറ് മാസത്തോളം ജോലി ചെയ്തു. എന്നാൽ ഒരു മാസത്തെ ശമ്പളം മാത്രമാണ് തൊഴിലുടമ നൽകിയത്. പിന്നീട് ശമ്പളം ചോദിച്ചപ്പോഴൊക്കെ മുറിയിൽ പൂട്ടിയിട്ട് ഉടമ ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങിയെന്നും യുവതി പറഞ്ഞു. ഉപദ്രവം കടുത്തതോടെ കവിതയെ ആശുപത്രിയിൽ വരെ പ്രവേശിപ്പിക്കേണ്ടി വന്നു. ഇവിടെ വെച്ച് പൊലീസിനെ കണ്ട യുവതി വിവരം അവരോട് പറയുകയും അവർ വഴി നാട്ടിൽ ബന്ധപ്പെടുകയുമായിരുന്നു.

വിവരമറിഞ്ഞ മകൾ വി.മുരളീധരന്റെ ഓഫീസുമായും പ്രവാസി മലയാളി അസോസിയേന്റെ ഓഫീസുമായും ബന്ധപ്പെട്ടു. നിലവിൽ കവിതയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. ആറ് മാസത്തിലധികം മലേഷ്യയിൽ തങ്ങിയെങ്കിലും ഒരു മാസം മാത്രമാണ് കവിത നിയമപരമായി രാജ്യത്ത് നിന്നിട്ടുള്ളത്. വിസയില്ലാത്ത കാലയളവിലെ പിഴയായി ഒരു ലക്ഷത്തോളം രൂപ അടച്ചാൽ മാത്രമേ ഇവർക്ക് നാട്ടിലേക്ക് മടങ്ങി പോകാനാവൂ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ഈ തുക എങ്ങനെ അടയ്ക്കും എന്ന ആശങ്കയിലാണ് കുടുംബം.

Related Articles

Back to top button