ഹിമാചൽപ്രദേശിൽ കാലവർഷക്കെടുതിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 18 പേർക്ക് ജീവൻ നഷ്ടമായി. ചന്ദേർതാൽ, പഗൽനല്ല, ലാഹോൾ, സ്പീതി എന്നീ മേഖലകളിലായി 300-ലധികം വിനോദസഞ്ചാരികൾ കുടങ്ങിക്കിടക്കുന്നതായി അധികൃതർ വ്യക്തമാക്കി. പ്രളയജലത്തിൽ വാഹനങ്ങൾ ഒഴുകിപ്പോകുന്നതിൻറെയും വെള്ളവും ചെളിയും കുത്തിയൊഴുകുന്നതിൻറെയുമെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ദുരിതത്തിൻറെ തീവ്രത വ്യക്തമാക്കുന്നതാണ്. ലാൽസിംഗിയിലെ പ്രളയബാധിത മേഖലകളിൽ നിന്ന് ദൗത്യസംഘം 515 പേരെ രക്ഷപ്പെടുത്തി.
കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ വ്യോമമാർഗം രക്ഷപ്പെടുത്തുമെന്നും അന്തരീക്ഷം മേഘാവൃതമായതിനാലാണ് നിലവിൽ അതിനു സാധിക്കാത്തതെന്നും ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു വ്യക്തമാക്കി. സംസ്ഥാനത്തെ പല മേഖലകളിലും ശുദ്ധജലവിതരണവും വൈദ്യുതിയും തടസ്സപ്പെട്ടു. നാലായിരം കോടിയോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. 800-ഓളം റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. 1.255 റൂട്ടുകളിലെ ബസ് സർവീസുകളും നിർത്തലാക്കി. 576 ബസുകളാണ് വിവിധയിടങ്ങളിലായി കുടുങ്ങിയത്. ചണ്ഡീഗഢ്-മണാലി ദേശീയപാതയും മണ്ണിടിച്ചിലിൽ തടസ്സപ്പെട്ടു. വെള്ളപൊക്കത്തെ തുടർന്ന് ഷിംല-കിനോർ റോഡിലും ഗതാഗതം സ്തംഭിച്ചു. സംസ്ഥാനത്തെ 12 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പല പ്രദേശങ്ങളിലും മിന്നൽ പ്രളയത്തിനുള്ള സാധ്യതകളുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വരുംമണിക്കൂറിൽ ശക്തമായ മഴയാണ് ഹിമാചലിൽ പ്രവചിച്ചിരിക്കുന്നത്.
ജനങ്ങളോട് വീടിനുള്ളിൽ തന്നെ കഴിയണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ എല്ലാവരും അനുസരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ 1100, 1070, 1077 എന്നീ ഹെൽപ്ലൈൻ നമ്പറുകളും സംസ്ഥാനത്ത് പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്