തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി. സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും യു.ജി.സി. ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്ന എട്ട് വര്‍ഷത്തെ അധ്യാപന പരിചയത്തില്‍ പഠനേതര ജോലികള്‍ കണക്കാക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ യുജിസി ചൂണ്ടിക്കാട്ടി.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യു.ജി.സിയുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം പ്രിയാ വര്‍ഗീസിന് ഇല്ലെന്ന് യു.ജി.സി. നേരത്തെ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദം തള്ളിക്കൊണ്ടാണ് പ്രിയാ വര്‍ഗീസിന്റെ നിയമനം കേരള ഹൈക്കോടതി ശരിവെച്ചത്. ഇതോടെ 2018-ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവും ആയി ബന്ധപ്പെട്ട യു.ജി.സി. ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാകുമെന്നാണ് യു.ജി.സിയുടെ നിലപാട്.
പ്രിയാ വര്‍ഗീസിന് അനുകൂലമായി കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്ക് അഖിലേന്ത്യാ തലത്തില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് യു.ജി.സിയുടെ മറ്റൊരു വാദം. 2018 റെഗുലേഷനില്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം ഇല്ലാത്ത ചില ഉദ്യോഗാര്‍ത്ഥികള്‍, കേരള ഹൈക്കോടതി പ്രിയാ വര്‍ഗീസിന് അനുകൂലമായി വിധിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി അസോസിയേറ്റ് പ്രൊഫസറാകാന്‍ നിയമ പോരാട്ടം നടത്തിയേക്കും എന്ന ആശങ്ക യു.ജി.സിക്ക് ഉണ്ട്.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യു.ജി.സിയുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം എട്ടു വര്‍ഷമാണ്. എയ്ഡഡ് കോളേജില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം പ്രിയാ വര്‍ഗീസ് എഫ്.ഡി.പി (ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാം) പ്രകാരം ഡെപ്യൂട്ടേഷനില്‍ മൂന്നു വര്‍ഷത്തെ പിഎച്ച്ഡി ഗവേഷണം നടത്തിയ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്‍സ് ഡീന്‍ (ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ്) ആയി രണ്ട് വര്‍ഷം ഡെപ്യൂട്ടേഷനില്‍ ജോലിചെയ്ത കാലയളവും ചേര്‍ത്താണ് അധ്യാപനപരിചയം കാണിച്ചിരിക്കുന്നത്. ഗവേഷണ കാലവും സ്റ്റുഡന്റ്‌സ് ഡീന്‍ ആയി പ്രവര്‍ത്തിച്ച കാലവും അടക്കം അഞ്ചു വര്‍ഷത്തോളമുള്ള കാലം അധ്യാപന കാലമായി പരിഗണിക്കുന്നത് ചട്ടത്തിന് വിരുദ്ധമാണെന്നാണ് യു.ജി.സിയുടെ നിലപാട്.
ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് പ്രിയാ വര്‍ഗീസ് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. യു.ജി.സിക്ക് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകരില്‍ ആരെങ്കിലും ഒരാള്‍ ഹാജരാകാനാണ് സാധ്യത എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ചാന്‍സലര്‍ ആയ ഗവര്‍ണര്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരാകുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.