ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘മണിപ്പൂര്‍ കത്തുകയാണ്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് ഇന്ത്യയുടെ ആഭ്യന്തര കാര്യം ചര്‍ച്ച ചെയ്യുന്നു. പക്ഷേ പ്രധാനമന്ത്രി ഇതുവരെ ഒരു വാക്ക് മിണ്ടിയിട്ടില്ല. അതിനിടെ, ബാസ്റ്റില്‍ ഡേ പരേഡ് കാണാന്‍ റാഫേല്‍ അദ്ദേഹത്തിന് ഒരു ടിക്കറ്റ് തരപ്പെടുത്തി’ പ്രധാമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം പരാമര്‍ശിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സില്‍ എത്തിയത്. ബാസ്റ്റില്‍ പരേഡ് സാക്ഷ്യം വഹിച്ച പ്രധാനമന്ത്രിക്ക്, ഫ്രാന്‍സ് സിവിലിയന്‍-സൈനിക ബഹുമതികളില്‍ ഏറ്റവും ഉന്നതമായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ നല്‍കി ആദരിച്ചിരുന്നു. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
മണിപ്പൂര്‍ വിഷയത്തില്‍ നേരത്തെയും രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ജൂണ്‍ 29ന് കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച രാഹുല്‍, മണിപ്പൂരില്‍ സമാധനം എത്രയും വേഗം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിലെ സഹോദരി-സഹോദരന്‍മാര്‍ ദുരിതം അനുഭവിക്കുന്നത് തന്റെ ഹൃദയം തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞിരുന്നു.