ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഏക സിവില്‍ കോഡ് കൊണ്ടുവരാന്‍ നടത്തുന്ന നീക്കങ്ങള്‍ ചര്‍ച്ചചെയ്ത് സി.പി.ഐ. ദേശീയ കൗണ്‍സില്‍ യോഗം.
ബി.ജെ.പി.യുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെങ്കിലും കരട് ബില്‍ പുറത്തുവന്നശേഷം ബാക്കി നോക്കാമെന്ന അഭിപ്രായമാണ് പൊതുവില്‍ യോഗത്തിലുയര്‍ന്നത്. പ്രതിപക്ഷത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ട് ബി.ജെ.പി. നടത്തുന്ന നീക്കത്തില്‍ എടുത്തുചാടി പ്രതികരണത്തിനിറങ്ങുന്നത് തിരിച്ചടിയാകും. കേവലം വിവാദങ്ങള്‍ക്കപ്പുറത്ത് കേന്ദ്രത്തിന്റെ മുന്നോട്ടുള്ള പോക്ക് നോക്കിയശേഷം പ്രതികരിക്കുന്നതാകും നല്ലതെന്ന് മുതിര്‍ന്നനേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ചില ഇടതുപാര്‍ട്ടികള്‍പോലും അമിതാവേശം കാണിക്കുകയാണെന്ന വിമര്‍ശനമുണ്ടായെന്നും സൂചനയുണ്ട്. കേരളത്തില്‍ ഏക സിവില്‍കോഡിനെതിരേ സി.പി.എം. നടത്തിയ സെമിനാറിനെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടായില്ലെന്നാണ് അറിയുന്നത്.
അതേസമയം, ഏക സിവില്‍കോഡ് ചര്‍ച്ചകളെ അവസരമായിക്കണ്ട് വര്‍ഗീയനീക്കങ്ങളെ എതിര്‍ക്കാന്‍ ജനകീയവേദികളൊരുക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. പ്രാദേശിക തലത്തിലും ദേശീയ തലത്തിലും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കണമെന്നും ചര്‍ച്ചവന്നു. ഇക്കാര്യങ്ങളില്‍ യോഗത്തിന്റെ സമാപനദിവസമായ ഞായറാഴ്ച തീരുമാനമുണ്ടാകും. മൂന്നുദിവസത്തെ യോഗം വെള്ളിയാഴ്ചയാണ് ഡല്‍ഹിയില്‍ ആരംഭിച്ചത്.