കോഴിക്കോട്: ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ സ്ലീപിങ് ഏജന്റുമാരാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇവര്‍ ഏക സിവില്‍ കോഡിന് എതിരായ സിപിഎം സെമിനാര്‍ പൊളിക്കാന്‍ ശ്രമിച്ചതായി മന്ത്രി ആരോപിച്ചു. സെമിനാറിന്റെ ശോഭ കെടുത്താന്‍ വ്യാപക പ്രചാരണം നടത്തി. കേരളത്തില്‍ ഈ സെമിനാര്‍ പൊളിക്കാന്‍ ഏറ്റവും തീവ്രമായ നിലപാടെടുത്തത് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനുമാണെന്നും റിയാസ് കുറ്റപ്പെടുത്തി. ഏക വ്യക്തിനിയമത്തിനെതിരെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന യുഡിഎഫിലെയും കോണ്‍ഗ്രസിലെയും നേതാക്കന്‍മാര്‍, കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ സ്ലീപ്പിങ് ഏജന്റുമാരെ തിരിച്ചറിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
‘മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം പ്രക്ഷോഭങ്ങളും സെമിനാറുകളും നടത്തിയാല്‍ അതിന്റെ പേരില്‍ വേട്ടയാടുകയും അതിനെ ശരിപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് ബിജെപിക്ക് ഉള്ളത്. കേരളത്തില്‍ അതു നടക്കില്ല എന്നുള്ളതുകൊണ്ട്, ഈ സെമിനാറിനെ പരിഹസിച്ചുകൊണ്ടുള്ള ബിജെപി നേതാക്കന്‍മാരുടെ പ്രസ്താവനകളുണ്ട്. അത് അവരുടെ നിലപാടാണ്. അവരതു പറയുന്നു എന്നേയുള്ളൂ.
എന്നാല്‍ കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ഈ സെമിനാര്‍ പരാജയപ്പെടാനും ഈ സെമിനാറിലെ ജനപങ്കാളിത്തം ഇല്ലാതാക്കാനും വൈവിധ്യമാര്‍ന്ന മേഖലകളിലുള്ളവര്‍ ഈ സെമിനാറില്‍ പങ്കെടുക്കാതിരിക്കാനും സെമിനാറിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത് കുപ്രചാരണം നടത്തി മുന്നോട്ടു പോകാനുമാണ് ശ്രമിച്ചത്. ആ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ആര്‍എസ്എസിന്റെ സ്ലീപ്പിങ് ഏജന്റുമാരായി കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.’
യുദ്ധമുഖത്ത് ഒരു ചേരിയില്‍നിന്നുകൊണ്ട് മറുചേരിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ് സ്ലീപ്പിങ് ഏജന്റുമാര്‍. അവസരം കിട്ടിയാല്‍ അവര്‍ മറു ചേരിക്കൊപ്പം നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തും. തങ്ങള്‍ക്ക് താല്‍പര്യമുള്ള ചേരിയുടെ ഉദ്ദേശങ്ങള്‍ക്ക് അനുസൃതമായി മറുചേരിയില്‍നിന്ന് കാര്യങ്ങള്‍ നീക്കും. സാഹചര്യം ഒത്തുവന്നാല്‍ യഥാര്‍ഥ കൂറ് പരസ്യമാക്കും. കോണ്‍ഗ്രസ് നേതാക്കളായ ചിലര്‍ ഈ സെമിനാറിനെ തകര്‍ക്കാന്‍ ശ്രമിച്ചതിലൂടെ ബിജെപിയുടെ സ്ലീപ്പിങ് ഏജന്റുമാരാണെന്ന് തെളിയിച്ചു.- അദ്ദേഹം പറഞ്ഞു.
‘യുഡിഎഫിലും കോണ്‍ഗ്രസിലും ഏക വ്യക്തി നിയമത്തിനെതിരെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവര്‍ ഈ സ്ലീപ്പിങ് ഏജന്റുമാരെ തിരിച്ചറിയണം. ഇവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ അപകടത്തിലേക്കു കൊണ്ടുപോകും. ഈ സെമിനാറിനെ എന്തിന് ഇങ്ങനെ വക്രീകരിക്കാന്‍ ശ്രമം നടത്തി? കോണ്‍ഗ്രസ് സെമിനാര്‍ നടത്തുമ്പോള്‍ ഞങ്ങള്‍ ഇടപെടുന്നില്ലല്ലോ? ഏക വ്യക്തിനിയമത്തിനെതിരെ കേരളത്തില്‍ വികാരം വരാതിരിക്കാന്‍, കേരളത്തില്‍ എല്ലാവരും ഒന്നിച്ചു നിലകൊള്ളുന്ന ഒരു രാഷ്ട്രീയം തകരാന്‍ ശ്രമിക്കുന്നവര്‍ കോണ്‍ഗ്രസിലുണ്ട്. ഏറ്റവും കൂടുതല്‍ ഈ സെമിനാര്‍ പൊളിയാന്‍, അല്ലെങ്കില്‍ ഇതിന്റെ ഉദ്ദേശ്യശുദ്ധിയെ തകര്‍ക്കാന്‍, ഈ സെമിനാറില്‍ ആളുകള്‍ പങ്കെടുക്കാതിരിക്കാന്‍ തീവ്രമായി നിലപാടെടുത്തിട്ടുള്ളത് കേരളത്തിന്റെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമാണ്.
സെമിനാര്‍ പരാജയപ്പെടണമെന്ന് ബിജെപി ആഗ്രഹിക്കുന്നത് മനസിലാക്കാം. എന്നാല്‍ ജനപങ്കാളിത്തമില്ലാതാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളാണ് ശ്രമിച്ചത്. സെമിനാറിന്റെ ഉദ്ദേശ്യശുദ്ധിക്കെതിരെ കുപ്രചരണം നടത്തി. ഇതോടെ ബിജെപിയുടെ സ്ലീപിങ് ഏജന്റുമാരാണ് ഇവരെന്ന് സ്വയം തെളിയിച്ചു. ഇവര്‍ കോണ്‍ഗ്രസിനെ അപകടത്തിലാക്കും. എല്ലാ വിഭാഗം ആളുകളും സെമിനാറിനോട് ഐക്യപ്പെട്ടു. സെമിനാറിലെ വന്‍ ജനപങ്കാളിത്തം സിപിഎം നിലപാട് ശരിവയ്ക്കുന്നതാണ്’-മന്ത്രി ചൂണ്ടിക്കാട്ടി.