BREAKING NEWSKERALA

ലിജിയുടെ ശരീരത്തില്‍ 12 കുത്തുകള്‍, മരിക്കുന്നത് വരെ കുത്തിയെന്ന് പ്രതി; പോസ്റ്റുമോര്‍ട്ടം ഇന്ന്

കൊച്ചി: എറണാകുളം അങ്കമാലി എം.എ.ജി.ജെ. ആശുപത്രിയില്‍ കുത്തേറ്റ് മരിച്ച തുറവുര്‍ സ്വദേശി ലിജിക്കേറ്റത് 12 കുത്തുകള്‍. മൃതദേഹത്തിലെ ഇന്‍ക്വസ്റ്റ് പരിശോധനയിലാണ് ശരീരത്തില്‍ ഇത്രയധികം കുത്തുകള്‍ ഏറ്റത് കണ്ടത്. മരണം ഉറപ്പാക്കുന്നതുവരെ കുത്തിയെന്നാണ് പ്രതി മഹേഷിന്റെ മൊഴി. അതേസമയം, ലിജിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.
രോഗിയായ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ ലിജിയെ ഇന്നലെ ഉച്ചയോടെയാണ് മുന്‍ സുഹൃത്തായ മഹേഷ് ആശുപത്രിയില്‍ വച്ച് കുത്തി കൊന്നത്. സ്‌കൂള്‍ കാലം മുതലുള്ള സൗഹൃദം ലിജി അവസാനിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് മഹേഷ് പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. കസ്റ്റഡിയിലുള്ള പ്രതി മഹേഷിനെ പൊലീസ് ഇന്ന് അങ്കമാലി ഒന്നാം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ക്രൂരകൊലപാതകം. ആശുപത്രിയുടെ നാലാം നിലയിലെ വരാന്തയില്‍ വച്ചാണ് മഹേഷ് ലിജിയെ ആക്രമിച്ചത്. ദേഹമാസകലം കുത്തേറ്റ ലിജി സംഭവസ്ഥലത്തു തന്നെ മരിച്ചു വീണു. രോഗിയായ അമ്മ അല്ലി ഗുരുതരാവസ്ഥയില്‍ ഐ സി യു വില്‍ ചികിത്സയിലായതിനാല്‍ പരിചരണത്തിനാണ് മകള്‍ ലിജി ആശുപത്രിയില്‍ കഴിഞ്ഞത്. ലിജിയുടെ മുറിയിലെത്തിയ മഹേഷ് ഇവരെ സംസാരിക്കാനായി പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. അഞ്ചു മിനിട്ടോളം നീണ്ട സംസാരത്തിനിടയില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് മഹേഷ് തുരുതുരാ കുത്തുകയായിരുന്നു. ലിജിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയവര്‍ക്ക് നേരെ മഹേഷ് കത്തിവീശി ഭീഷണിപെടുത്തി പിന്‍മാറ്റി.
ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ലിജിയെ പ്രതി പിന്തുടര്‍ന്ന് കുത്തിവീഴ്ത്തുകയായിരുന്നു. സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെയാണ് മഹേഷിനെ പിടികൂടിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker