BREAKING NEWSKERALA

കെ.എം.ബഷീറിന്റെ മരണം: നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട നരഹത്യാ കേസില്‍ ഹൈക്കോടതി വിധിക്കെതിരേ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ നരഹത്യ കുറ്റം നിലനില്‍ക്കുമെന്ന വിധിക്കെതിരെയാണ് അപ്പീല്‍. ശ്രീറാമിന്റെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ക്കും.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി അംഗീകരിച്ച് കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കേസ് നിലനില്‍ക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചത്. എന്നാല്‍ കേസിലെ എല്ലാ വസ്തുതകളും പരിശോധിച്ച ശേഷം നരഹത്യാകുറ്റം നിലനില്‍ക്കില്ലെന്ന് സെഷന്‍സ് കോടതി നേരത്തെ വിധിച്ചിട്ടുണ്ടെന്ന് അപ്പീലില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ചൂണ്ടിക്കാട്ടി. നരഹത്യാകുറ്റം ചുമത്താനുള്ള സ്തുതകളൊന്നും കേസില്‍ ഇല്ലെന്നാണ് ശ്രീറാമിന്റെ വാദം.
ശ്രീറാം വെങ്കിട്ടരാമന്‍ അമിതവേഗത്തിലായിരുന്നുവെന്നും മദ്യപിച്ചിരുന്നുവെന്നും തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പ്രഥമദൃഷ്ട്യാ കരുതാമെന്ന് ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മദ്യ പരിശോധന നടത്തുന്നതില്‍ നിന്നു പ്രതി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചുവെന്ന വാദം തള്ളാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
2019 ഓഗസ്റ്റ് 3-ന് പുലര്‍ച്ചെ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അലക്ഷ്യമായി കാര്‍ ഓടിച്ച് ബഷീറിന്റെ അപകട മരണത്തിന് ഇടയാക്കിയെന്നാണ് കേസ്.

Related Articles

Back to top button