KERALALATEST

മുരളി തുമ്മാരക്കുടിക്ക് , ആറ്റിങ്ങല്‍ പോളിടെക്‌നിക്ക് പ്രിന്‍സിപ്പാള്‍ ഷാജില്‍ അന്ത്രുവിന്റെ മറുപടി ശ്രദ്ധേയമാകുന്നു.

തിരുവനന്തപുരം: മുരളി തുമ്മാരുകുടി ജൂലൈ 16 ന് ഒരു ഫേസ്ബുക്ക് കുറിപ്പ് പുറത്തിറക്കി. പോളിടെക്നിക്ക് അഡ്മിഷന്‍ നടക്കുന്ന സമയത്ത് തന്നെ ‘ ഇനി പോളി ടെക്‌നിക്കുകള്‍ വേണോ?’ എന്ന പോസ്റ്റിന്റെ സന്ദര്‍ഭം സ്വാഭാവികമെന്ന് കരുതാന്‍ നിര്‍വാഹമില്ല.
അദ്ദേഹത്തിനെ ഈ പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചത് ‘ കേരളത്തില്‍ പുതിയതായി പോളി ടെക്‌നിക്കുകള്‍ ഉണ്ടാകുന്നു എന്നും ഉള്ളവ തന്നെ നവീകരിക്കുന്നു എന്നും വായിച്ചപ്പോള്‍ ‘ ആണ് ഈ കുറിപ്പ് എഴുതണം എന്ന് തോന്നിയത് എന്ന് ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
പോളിടെക്നിക്കുകള്‍ കേരളത്തില്‍ ആരംഭിച്ചത് ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വനത്തിനു ശേഷമല്ല. വര്‍ഷങ്ങളായി നടന്നു വരുന്ന പോളിടെക്നിക്കുകള്‍ , ഈ സര്‍ക്കാര്‍ വന്നതിനു ശേഷം സാങ്കേതികമായും , സാമൂഹ്യപരമായും കാലികമായ വന്ന മാറ്റം ഉള്‍കൊണ്ട് ഉന്നതവിദ്യാഭ്യാസരംഗം,വിശിഷ്യാ പോളിടെക്നിക്ക് രംഗം മാറുകയാണ്.
എല്ലാ ഡിപ്ലോമക്കാരും എഞ്ചിനീയറിങ്ങ് ബിരുദം ഉള്ളവരോടൊപ്പമോ , അവരില്‍ കൂടുതലോ എഞ്ചിനീയറിങ്ങ് സെന്‍സ് ഉള്ളവരും, എന്നാല്‍ എഞ്ചിനീയറിങ്ങ് ഡിഗ്രി ഇല്ലാത്തതിനാല്‍ കരിയര്‍ ഗ്രോത്ത് തടയപ്പെട്ടവരും ആണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ശരിയല്ല. മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കഴിഞ്ഞ ശേഷം ലാറ്ററല്‍ എന്‍ട്രി പരീക്ഷ എഴുതി എഞ്ചിനീറിങ്ങ് വിദ്യാഭ്യാസം ചെയ്യുവാനുള്ള അവസരം ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്.
അത് പോലെ തന്നെ ഈ സര്‍ക്കാര്‍ മുന്‍കൈയെടുത്തു പോളിടെക്നിക്കുകളില്‍ ത്രിവത്സര ഡി .വോക്. കോഴ്സുകള്‍ നടത്തി തുടങ്ങിയിട്ടുണ്ട്. വളരെ പ്രോത്സാഹജനമായ സ്വീകരണമാണ് അതിന് ലഭിച്ചിരിക്കുന്നത്. അവര്‍ക്ക് ബി വോക്കിന് പോകാനുള്ള അവസരവും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.
പല പോളിടെക്നിക്കിലും എന്‍ .ബി എ അസിക്രെഡിറ്റേഷന്‍ എടുക്കുകയും, മറ്റ് പോളിടെക്നിക്കുകള്‍ അതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുകയാണ്. ഇതില്‍ നിന്ന് തന്നെ സര്‍ക്കാര്‍ പോളിടെക്നിക്കുകളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുണ്ടെന്നു മനസിലാകുമല്ലോ.
ഇപ്പോള്‍ പോലും വിദേശങ്ങളില്‍ പഠനത്തിനും ജോലിക്കും ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ പോകുന്നുണ്ട്. അത് മനസിലാക്കാതെയാണ് ഒറ്റപ്പെട്ട വിഷയങ്ങള്‍ ചൂണ്ടി കാണിച്ചു പര്‍വ്വതീകരിച്ചു , പോളിടെക്നിക്കുകളെ ഇകഴ്ത്താന്‍ ശ്രമിക്കുന്നത്. ലാറ്ററല്‍ എന്‍ട്രി ഒരു ബ്രിഡ്ജിന് കോഴ്സാണ് എന്ന് കാണാതെ പോകുന്നത്.
ഇപ്പോള്‍ തന്നെ നാട്ടില്‍ നടക്കുന്ന റെഗുലര്‍ കോഴ്‌സുകള്‍ പകലും, ഡി വോക്ക് കോഴ്‌സുകള്‍ വൈകുന്നേരവുമാണ് നടക്കുന്നത്.
വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് എഞ്ചിനീറിങ്ങില്‍ ബ്രിഡ്ജിങ് കോഴ്‌സ് എന്നതിന്റെ പ്രായോഗികതയും, എ ഐ സി ടി ഇ മാനദണ്ഡവും പരിശോധിച്ച് മാത്രമേ തീരുമാനം എടുക്കാന്‍ കഴിയൂ.
‘പുതിയ വിദ്യാഭ്യാസ നയത്തില്‍ ഡിഗ്രിക്ക് ചേര്‍ന്നതിന് ശേഷം അത് ഏതെങ്കിലും കാരണത്താല്‍ പഠിച്ചു മുഴുമിപ്പിക്കാന്‍ പറ്റാത്തവര്‍ക്ക് മൂന്നു വര്‍ഷം കഴിയുന്‌പോള്‍ ഡിപ്ലോമയോടെ പുറത്തിറങ്ങാന്‍ ഉള്ള അവസരം നല്‍കുന്നുണ്ട്.’ എന്ന പരാമര്‍ശം കേരളത്തിന് ബാധകമല്ല. അതിനു കാരണം, ഏതെങ്കിലും കാരണത്താല്‍ ഒരു വിദ്യാര്‍ത്ഥി കോഴ്സ് തുടരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടെങ്കില്‍, ആ കാലയളവിന് ശേഷം, ആ വിദ്യാര്‍ത്ഥിക്ക് റീ അഡ്മിഷന്‍ നല്‍കാനുള്ള നിയമവും, സൗകര്യവും ഇപ്പോള്‍ തന്നെ നിലവില്‍ ഉണ്ട്.
.മുരളി തുമ്മാരുകുടി വളരെ തെറ്റിദ്ധാരണ പരത്തുന്ന ഓര്‍ പ്രസ്താവന ഇവിടെ നടത്തുന്നുണ്ട്. അത് ഇതാണ്.
‘ഈ സാഹചര്യത്തില്‍ ഡിപ്ലോമ കൊടുക്കാന്‍ വേണ്ടി മാത്രം കുറച്ചു പൊളി ടെക്‌നിക്കുകള്‍ നില നിര്‍ത്തുന്നത് അനാവശ്യമാണ് എന്നാണ് എന്റെ അഭിപ്രായം. പല പോളി ടെക്‌നിക്കുകള്‍ക്കും എഞ്ചിനീയറിങ്ങ് കോളേജ് ആകാനുള്ള സൗകര്യങ്ങള്‍ ഉണ്ട്, അവ എഞ്ചിനീയറിങ്ങ് കോളേജ് ആക്കാമല്ലോ. യു.കെ. യില്‍ ഒക്കെ അങ്ങനെയാണ് ഉണ്ടായത്.’
യു കെ ആണ് മാതൃകയായി ഇവിടെ കാണിച്ചിരിക്കുന്നത്. പക്ഷെ എന്താണ് യു കെ യില്‍ നടന്നത്?
1967 ലാണ് യു കെ യില്‍ മാത്രമാണ് പോളിടെക്‌നിക്കുകള്‍ ഔദ്യോഗികമായി ആരംഭിച്ചത്. സാങ്കേതികമായ നേട്ടങ്ങള്‍ സാമൂഹ്യമായി ഉപയോഗിക്കുന്നതില്‍ സര്‍വ്വകലാശാലകള്‍ പരാജയപ്പെട്ടപ്പോള്‍ ഒരു സാമൂഹിക ആവശ്യം നിറവേറ്റുന്നതിനാണ് അവ നിലവില്‍ വന്നത്.
പോളിടെക്നിക്കുകള്‍ സര്‍വകലാശാലകളുടെ അധികാരം നല്‍കുന്ന ബിരുദത്തിന്റെ കുത്തക തകര്‍ത്ത് രണ്ട് തരത്തില്‍ വെല്ലുവിളിച്ചു. ആദ്യത്തേത് അറിവ്- സിദ്ധാന്തം എന്ന സങ്കല്‍പ്പമാണ്.
രണ്ടാമത്തേത് റിയലിസ്റ്റിക്, നോമിനലിസ്റ്റിക് എന്നിങ്ങനെയുള്ള വിജ്ഞാനത്തിന്റെ വര്‍ഗ്ഗീകരണമാണ്, ശാസ്ത്രം യാഥാര്‍ത്ഥ്യത്തിന്റെ വസ്തുനിഷ്ഠമായ വിവരണമല്ല, മറിച്ച് അനുഭവത്തിന്റെ രൂപകമായ ക്രമപ്പെടുത്തലാണെന്ന പ്രായോഗിക വീക്ഷണവുമാണെന്ന ചിന്തയാണ് പോളിടെക്നിക്കുകളുടെ ലക്ഷ്യം .
എന്നാല്‍ യു കെ യിലെ 1988-ല്‍ വിദ്യാഭ്യാസ പരിഷ്‌കരണ നിയമം വന്നു. അതില്‍ പോളിടെക്‌നിക്കുകളെയും വലിയ ഉന്നത വിദ്യാഭ്യാസ കോളേജുകളെയും പ്രാദേശിക സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് നീക്കം ചെയ്തു.
പക്ഷെ 1980-കളുടെ അവസാനത്തോടെ പോളിടെക്‌നിക്കുകള്‍ പേരൊഴികെ എല്ലാം സര്‍വ്വകലാശാലകളായി മാറി. ബിരുദം നല്‍കുന്നതിനുള്ള അധികാരങ്ങളുടെ മുഴുവന്‍ ശ്രേണിയും വാഗ്ദാനം ചെയ്യുന്നതിനായി അവര്‍ ‘മതിയായ സ്വയം വിമര്‍ശനാത്മക അക്കാദമിക് പക്വത’ നേടിയതായി കണക്കാക്കപ്പെട്ടു . 1992-ലെ തുടര്‍-ഉന്നത വിദ്യാഭ്യാസ നിയമം പോളിടെക്നിക്കുകളും സര്‍വ്വകലാശാലകളും തമ്മിലുള്ള വിഭജനം ഇല്ലാതാക്കി, 1992-ല്‍, പോളിടെക്നിക്കുകള്‍ സര്‍വ്വകലാശാല പദവിയും സ്വന്തം ബിരുദങ്ങള്‍ നല്‍കാനുള്ള അധികാരവും നേടി, അങ്ങനെ 1992-ന് മുമ്പുള്ള സര്‍വ്വകലാശാലകളില്‍ ഏകീകൃത സംവിധാനത്തില്‍ ചേര്‍ന്നു.
1980 ല്‍ യു കെ യില്‍ നടന്ന പരിഷ്‌കരണമാണ് ഇപ്പോള്‍ .മുരളി തുമ്മാരുകുടി അവതരിപ്പിക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ സര്‍വ്വകലാശാല ഇപ്പോള്‍ പരിഷ്‌കരണത്തിന്റെ പാതയിലാണ്. യൂണിവേസിറ്റികളുടെ കീഴില്‍ ആയപ്പോള്‍ നഷ്ടപെട്ട പോളിടെക്‌നിക് പാരമ്പര്യങ്ങളും പദവികളും വീണ്ടെടുക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ഉയര്‍ന്ന തലത്തിലുള്ള തൊഴിലധിഷ്ഠിത യോഗ്യതകള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തദ്ദേശീയ തൊഴില്‍ നിര്‍മ്മിതിയിലും, അതിന് വേണ്ട നൈപുണ്യ മികവിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് .
യു കെ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്, പോളിടെക്നിക്കുകളുടെ വിജയത്തിലേക്കുള്ള ഏക മാര്‍ഗം സര്‍വകലാശാലാ അല്ലെന്നതാണ്.
പോളിടെക്നിക് മാതൃകയിലേക്ക് വീണ്ടും നോക്കേണ്ട സമയമാണിത്. ഉയര്‍ന്ന നിലവാരമുള്ള തൊഴിലധിഷ്ഠിത പഠനത്തിന്റെ പ്രാധാന്യവും ഉയര്‍ന്ന തലത്തിലുള്ള വൈദഗ്ധ്യത്തിന്റെ ആവശ്യകതയും പൊതു സംവാദത്തിലേക്ക് മടങ്ങിയെത്തി.
മുരളി തുമ്മാരുകുടിയുടെ മറ്റൊരു അഭിപ്രായം ‘ആവശ്യത്തിന് സൗകര്യമില്ലാത്തവ അടുത്തുള്ള എഞ്ചിനീയറിങ്ങ് കോളേജുകളുമായി ഒരു ക്ലസ്റ്റര്‍ ആയി ബന്ധിപ്പിക്കാം, അല്ലെങ്കില്‍ വേറെ എന്തെങ്കിലും പഠന കേന്ദ്രമാക്കാം, സ്റ്റാര്‍ട്ട് അപ്പ് സെന്ററുകള്‍ ആക്കാം. പല സാദ്ധ്യതകള്‍ ഉണ്ട്’
അതിന് അദ്ദേഹം ചൂണ്ടി കാണിക്കുന്നത് ‘തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയിരുന്നു. അവ പിന്നീട് ഐ.ടി.ഐ. ആക്കുകയോ നിര്‍ത്തിക്കളയുകയോ ചെയ്തു. 1960 കളില്‍ ഇന്ത്യ ഗവണ്‍മെന്റ്റ് റൂറല്‍ ഇസ്റ്റിട്യൂട്ടുകള്‍ സ്ഥാപിച്ചിരുന്നു. റൂറല്‍ ടെക്‌നോളജിയും സിവില്‍ എഞ്ചിനീയറിങ്ങ് ഡ്രാഫ്റ്റിംഗും കൃഷിയും മറ്റുമാണ് അവിടെ പഠിപ്പിച്ചിരുന്നത്. കാലം മാറിയപ്പോള്‍ അവ പലതും നിര്‍ത്തി.’ എന്നിങ്ങനെയാണ്.
ശുദ്ധ അബദ്ധമാണ്. ജി ഐ എഫ് ഡി , ഇന്‍ഡസ്ടറി ഓണ്‍ ക്യാമ്പസ്, പഠനത്തോടൊപ്പം സമ്പാദ്യം, പ്രൊഡക്ഷന്‍ സെന്റര്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ , വിവിധ ഹൃസ്വകാല കോഴ്‌സുകള്‍, ക്യാമ്പസ് പ്ലേസ്മെന്റ് എന്നിവയൊക്കെ ഇപ്പോള്‍ പോളിടെക്നിക്കില്‍ നടക്കുന്നുണ്ട്.
ഇപ്പോള്‍ സര്‍ക്കാര്‍ മറ്റൊരു കാര്യം കൂടി മുന്നില്‍ കാണുന്നുണ്ട്. വരും കാലത്ത് കോവിഡ് കാലത്ത് ഉണ്ടായതിനെക്കാളും അതി രൂക്ഷമായ ഒരു സാമ്പത്തിക- തൊഴിലില്ലായ്മ പ്രതിസന്ധി കൃതിമ നിര്‍മ്മിതിയുടെ വളര്‍ച്ചയുടെ ഉണ്ടാകും. അന്നേരം പോളിടെക്നിക്കുകള്‍ ആകും, പ്രാദേശിക തൊഴില്‍ നിര്‍മ്മിതിക്കും, സാമ്പത്തിക വളര്‍ച്ചയ്ക്കും കാരണമാകുക .
അപ്പൂപ്പന്‍ കുത്തിയ കിണറിലെ വെള്ളത്തിന് ഉപ്പു രസം ഉണ്ടെങ്കില്‍ അത് ശുദ്ധീകരിക്കാനുള്ള മാര്‍ഗവും ഇച്ഛാശക്തിയും, ഉന്നതവിദ്യാഭ്യാസരംഗത്തിന് ഉണ്ട്.

Related Articles

Back to top button