BREAKING NEWSWORLD

ഓര്‍ഡര്‍ ചെയ്യാതെ യുവതിയുടെ വിലാസത്തില്‍ എത്തിയത് നൂറോളം ആമസോണ്‍ പാക്കേജുകള്‍

ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ഒന്നും നടത്താതെ അമേരിക്കന്‍ യുവതിയെ തേടിയെത്തിയത് ആമസോണിന്റെ നൂറോളം പാക്കേജുകള്‍. വിര്‍ജീനിയയില്‍ താമസിക്കുന്ന സിന്‍ഡി സ്മിത്ത് എന്ന സ്ത്രീയുടെ വീടാണ് ഇപ്പോള്‍ ആമസോണ്‍ പാക്കേജുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നത്.
അത്ഭുതപ്പെടുത്തുന്ന കാര്യം എന്തെന്നാല്‍ ഇതില്‍ ഒരു പാക്കേജ് പോലും സിന്‍ഡി സ്മിത്ത് ഓര്‍ഡര്‍ ചെയ്തതല്ല എന്നതാണ്. ലിക്‌സിയോ ഷാങ് എന്ന് പേരുള്ള ഒരാളുടെ പേരിലുള്ളതാണ് ഈ പാക്കേജുകള്‍ എല്ലാം. എന്നാല്‍, ഈ വ്യക്തി ആരാണെന്നോ ഈ വ്യക്തിയും തന്റെ വീടും തമ്മിലുള്ള ബന്ധം എന്താണെന്നോ സിന്‍ഡി സ്മിത്തിന് അറിഞ്ഞുകൂടാ. തന്റെ വീട് ഇത്തരത്തില്‍ ഒരു ഡെലിവറി കേന്ദ്രമായത് എങ്ങനെയാണ് എന്നത് തന്നെ അത്ഭുതപ്പെടുത്തുകയാണെന്ന് സിന്‍ഡി സ്മിത്ത് പറയുന്നു.
FedEx, Amazon എന്നിവയുള്‍പ്പെടെ ഒന്നിലധികം കാരിയറുകളില്‍ നിന്ന് വന്ന നൂറിലധികം പാക്കേജുകള്‍ ആണ് ഇവരുടെ വീട്ടില്‍ ഉള്ളത്. ഈ പാക്കേജുകളില്‍ 1,000 ഹെഡ്ലാമ്പുകള്‍, 800 ഗ്ലൂ ഗണ്ണുകള്‍, കുട്ടികളുടെ ബൈനോക്കുലറുകള്‍ എന്നിങ്ങനെയുള്ള വസ്തുക്കളാണ് ഉള്ളത്. ഇപ്പോള്‍ സിന്‍ഡി സ്മിത്തിന്റെ വീടിന്റെ സിറ്റൗട്ടും ബേസ്മെന്റും മുഴുവന്‍ ഡെലിവറി പാക്കേജുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഇപ്പോള്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ വന്നതോടെ തന്റെ അയല്‍വക്കക്കാര്‍ക്കും നാട്ടുകാര്‍ക്കും അവ സൗജന്യമായി വിതരണം ചെയ്യുകയാണ് സിന്‍ഡി സ്മിത്ത്. ഏറെനാള്‍ കാത്തിരുന്നിട്ടും ഉടമസ്ഥര്‍ അന്വേഷിച്ച് വരാത്തതിനാലും ആര്‍ക്കും ഉപകാരപ്പെടാതെ നശിപ്പിച്ചു കളയണ്ട എന്ന് കരുതിയും ആണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത് എന്നാണ് ഇവര്‍ പറയുന്നത്.
ആദ്യം തന്നെ ആരെങ്കിലും മനപൂര്‍വ്വം ചതിയില്‍പ്പെടുത്താന്‍ ശ്രമിക്കുന്നതാണോ എന്നാണ് കരുതിയിരുന്നത് എന്നും എന്നാല്‍ ഇപ്പോള്‍ മനസ്സിലാക്കുന്നത് ഈ സംഭവത്തിന് മറ്റൊരു ‘വെണ്ടര്‍ റിട്ടേണ്‍സ്’ പദ്ധതിയുമായി ബന്ധമുണ്ടെന്നാണെന്നും അവര്‍ പറഞ്ഞു. വെണ്ടര്‍ റിട്ടേണ്‍സ് പദ്ധതിയില്‍ വില്‍പ്പനക്കാര്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ നിന്ന് വിറ്റഴിക്കാത്ത ഉല്‍പ്പന്നങ്ങള്‍ റാന്‍ഡം വിലാസങ്ങളിലേക്ക് അയച്ച് നീക്കം ചെയ്യുന്നത് പതിവാണ്. അത്തരത്തില്‍ ആയിരിക്കാം തന്റെ വീട്ടു വിലാസത്തില്‍ പാക്കേജുകള്‍ എത്തിയതെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട സമഗ്രമായി അന്വേഷണം നടത്തിവരികയാണെന്ന് ആമസോണ്‍ പറഞ്ഞു. പാക്കേജുകളില്‍ പേരുള്ള ലിക്‌സിയോ ഷാങ് എന്ന വ്യക്തയുടെ അക്കൗണ്ട് അടച്ചുപൂട്ടുകയും ചെയ്തുവെന്നും കമ്പനി അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker