തിരുവനന്തപുരം: യൂട്യൂബ് ചാനല്‍ വഴി മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നത് വരെ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. സുപ്രീം കോടതി ഉത്തരവിന് ശേഷവും തനിക്കെതിരെ സംസ്ഥാനത്ത് 107 കേസുകളെടുത്തു എന്നും തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ഷാജന്‍ സ്‌കറിയ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം. അന്വേഷണവുമായി സഹകരിക്കുമെന്നും ഷാജന്‍ കോടതിയെ അറിയിച്ചു.
ഷാജന്‍ സ്‌കറിയയെ ചോദ്യം ചെയ്യുന്നതിന് മുന്‍കൂറായി നോട്ടീസ് നല്‍കി വിളിപ്പിക്കണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നുണ്ടെങ്കില്‍ പൊലീസ് പത്ത് ദിവസം മുന്‍പ് നോട്ടീസ് നല്‍കണം. തനിക്കെതിരെ പൊലീസ് അകാരണമായി കേസ് രജിസ്റ്റര്‍ ചെയ്യുന്നുവെന്നും നോട്ടീസ് നല്‍കാതെ അറസ്റ്റിലേക്ക് കടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സാജന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തിറക്കിയത്. പൊലീസിനോട് എതിര്‍സത്യവാങ്മൂലം നല്‍കാനും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ സമയം അനുവദിച്ചു. ഇതുവരെ ഉള്ള കേസുകള്‍ക്കാകും ഈ ഇടക്കാല ഉത്തരവ് ബാധകം ആവുക എന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്നു രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ അപ്പോള്‍ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഷാജന്‍ സ്‌കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകന്‍ ജി. വിശാഖന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പ്രതി അല്ലാത്ത ആളുടെ മൊബൈല്‍ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്നായിരുന്നു കോടതിയിുടെ ചോദ്യം. അദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനാണ്. ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ കോടതിക്ക് മനസിലായേനെ എന്നും കോടതി പറഞ്ഞു. ഫോണ്‍ പിടിച്ചെടുത്ത നടപടിയില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസില്‍ അന്വേഷണം നടത്താം, എന്നാല്‍ പ്രതി അല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ എങ്ങനെ സാധിക്കും? മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. നടപടികള്‍ പാലിക്കാതെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കരുത്. എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും മൊബൈലുകള്‍ പിടിച്ചെടുക്കുമോ എന്നും കോടതി ചോദിച്ചു. ഷാജന്‍ സ്‌കറിയയെ പിടിക്കാന്‍ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണ്. അതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.