ന്യൂഡല്‍ഹി: ഉദ്യോഗസ്ഥ നിയമനങ്ങളിലും ട്രാന്‍സ്ഫറുകളിലും കേന്ദ്രത്തിന് പൂര്‍ണ അധികാരം നല്‍കുന്ന ഡല്‍ഹി സര്‍വീസ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്‍, 2023 ആണ് അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് കനത്ത പ്രതിഷേധം സഭയില്‍ അരങ്ങേറിയെങ്കിലും സര്‍ക്കാര്‍ പിന്മാറിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിലുണ്ടായിരുന്നെങ്കിലും സഹമന്ത്രി നിത്യാനന്ദറായിയാണ് ബില്‍ അവതരിപ്പിച്ചത്. ഡല്‍ഹിയുമായി ബന്ധപ്പെട്ട് ഏത് നിയമവും കൊണ്ടുവരാന്‍ ഭരണഘടന പാര്‍ലമെന്റിന് എല്ലാ അവകാശവും നല്‍കുന്നുവെന്ന് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
അതേസമയം, എഎപിയെ ഞെട്ടിച്ച് ബില്ലില്‍ ബിജെപിയെ അനുകൂലിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ ബിജു ജനതാദള്‍(ബിജെഡി) രംഗത്തുവന്നു. ഇതോടെ ബില്‍ പാല്‍ലമെന്റില്‍ സുഗമമായി പാസാകുമെന്ന് ഉറപ്പായി. ബിജു ജനതാദളിന് ഒന്‍പത് എംപിമാരാണ് രാജ്യസഭയിലുള്ളത്. രാജ്യസഭയില്‍ ഒന്‍പതും ലോക്‌സഭയില്‍ 22 അംഗങ്ങളുമുള്ള ആന്ധ്രാ മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഡല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലും സ്ഥലമാറ്റങ്ങളിലുമെല്ലാം നടപടികള്‍ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് ബില്‍ നിര്‍ദ്ദേശിക്കുന്നു. മണിപ്പൂരിലെ സ്ഥിതിഗതികളെച്ചൊല്ലി ലോക്സഭയിലും രാജ്യസഭയിലും ബഹളമുണ്ടായ സാഹചര്യത്തിലാണ് ഇന്ന് ഉച്ചയോടെ ബില്ല് മേശപ്പുറത്ത് വെച്ചത്. രാവിലെ 11 മണിക്ക് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ചോദ്യോത്തരവേള ആരംഭിക്കാന്‍ ശ്രമിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. തൊട്ടുപിന്നാലെ, പാര്‍ലമെന്റിന്റെ ഇരുസഭകളും 15 മിനിറ്റോളം പ്രവര്‍ത്തിച്ചതിന് ശേഷം നിര്‍ത്തിവെച്ചു.