BREAKING NEWSNATIONAL

ലൗ ജിഹാദിനെ ചെറുക്കാന്‍ ആയുധ പരിശീലന ക്യാമ്പ്: വൈറല്‍ വീഡിയോയില്‍ പൊലീസ് അന്വേഷണം

അസ്സം: അസമില്‍ രാഷ്ട്രീയ ബജ്റംഗ് ദള്‍ സംഘടിപ്പിച്ച ആയുധ പരിശീലന ക്യാമ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ കേസെടുത്ത് പൊലീസ്. ”ലൗ ജിഹാദിനെ” നേരിടാന്‍ കേഡര്‍മാരെ പരിശീലിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ക്യാമ്പ് എന്നാണ് ആരോപണം. ക്യാമ്പിന്റെ സംഘാടകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് നേരത്തെ കത്തയച്ചിരുന്നു.
അസമിലെ ദരംഗ് ജില്ലയിലെ ഒരു സ്‌കൂള്‍ ഗ്രൗണ്ടിലാണ് രാഷ്ട്രീയ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. ജൂലൈ 24 മുതല്‍ 30 വരെയായിരുന്നു പരിശീലന ക്യാമ്പ്. 350 ഓളം യുവാക്കള്‍ ക്യാമ്പില്‍ പങ്കെടുത്തു. തോക്കുകളുടെ ഉപയോഗം, ആയോധന കലകള്‍, സ്വയം പ്രതിരോധം എന്നിവ യുവാക്കളെ പരിശീലിപ്പിക്കുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഇതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സെക്ഷന്‍ 153 എ/34 ഐപിസി (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് ദോഷകരമായ പ്രവൃത്തികള്‍ ചെയ്യുക) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കാനും വിഷയം അന്വേഷിക്കാനും എസ്പി ദരാംഗ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അസം പൊലീസ് മേധാവി ഗ്യാനേന്ദ്ര പ്രതാപ് സിംഗ് ട്വീറ്റ് ചെയ്തു.
അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അസം നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ദേബബ്രത സൈകിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് അയച്ച കത്തില്‍ സംഘാടകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വിഷയത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker