കോട്ടയം: കോട്ടയം തിരുവാര്‍പ്പില്‍ ബസ് ഉടമയെ മര്‍ദിച്ച സംഭവത്തില്‍ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസില്‍ സിഐടിയു നേതാവ് അജയന്‍ ഹൈക്കോടതിയില്‍ ഹാജരായി. ക്രിമിനല്‍ കേസ് ഉള്ളതിനാല്‍ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് അജയന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഓര്‍ക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് കോടതിയലക്ഷ്യ കേസിലെ തെളിവെടുപ്പിനായി കേസ് ഈ മാസം 21 ലേക്ക് മാറ്റി. ഹൈക്കോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കുമ്പോളായിരുന്നു ബസ്സുടമയ്ക്ക് സിഐടിയു നേതാവില്‍ നിന്നും മര്‍ദ്ദനമേറ്റത്.
രണ്ട് മാസം മുന്‍പാണ്, കോട്ടയം തിരുവാര്‍പ്പില്‍ സ്വകാര്യ ബസിന് മുന്നില്‍ സിഐടിയു കൊടി കുത്തിയ സംഭവത്തെ തുടര്‍ന്ന് ബസ് ഉടമയ്ക്ക് സിഐടിയു നേതാവിന്റെ മര്‍ദ്ദനമേറ്റത്. ബസുടമ രാജ്‌മോഹനെയാണ് സിഐടിയു നേതാവ് മര്‍ദ്ദിച്ചത്. രാവിലെ ബസിലെ സി ഐ ടി യു കൊടി തോരണങ്ങള്‍ അഴിച്ചു മാറ്റുമ്പോഴാണ് സംഭവം. പൊലീസ് കാഴ്ചക്കാരായി നില്‍ക്കുമ്പോഴാണ് മര്‍ദ്ദനമേറ്റത്. കൊടി അഴിച്ചാല്‍ വീട്ടില്‍ കയറി തല്ലുമെന്നും നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
തന്റെ ബസിനോട് ചേര്‍ത്ത് സി ഐ ടി യു കെട്ടിയിരുന്ന കൊടിതോരണങ്ങള്‍ അഴിച്ചു മാറ്റുമ്പോള്‍ ബസിന്റെ ഉടമ ഉണ്ണിയെന്ന രാജ് മോഹനെ സി പി എം നേതാവ് തല്ലുകയായിരുന്നു. കൊടിയില്‍ തൊട്ടാല്‍ വീട്ടില്‍ കയറി വെട്ടുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. കണ്‍മുന്നില്‍ അക്രമം നടന്നിട്ടും അക്രമിയായ സി പി എം നേതാവിനെ കുമരകം പൊലീസ് കസ്റ്റഡിയില്‍ എടുത്തില്ല. പിന്നീട് നേതാവ് സ്വന്തം വാഹനത്തില്‍ സ്റ്റേഷനിലെത്തിയപ്പോള്‍ മാത്രമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും തിരുവാര്‍പ്പ് പഞ്ചായത്ത് അംഗവുമായ കെആര്‍ അജയാണ് മര്‍ദ്ദിച്ചത്. പ്രാദേശിക ബി ജെ പി നേതാവ് കൂടിയായ രാജ്മോഹന്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
അനാവശ്യ കൂലി വര്‍ധന ആവശ്യപ്പെട്ട് സി ഐ ടി യു ബുദ്ധിമുട്ടിക്കുന്നെന്ന് ആരോപിച്ചാണ് ഒരാഴ്ചയായി രാജ്‌മോഹന്‍ ബസിന് മുന്നില്‍ ലോട്ടറി വിറ്റ് പ്രതിഷേധം നടത്തിയത്. കര്‍ഷകര്‍ക്ക് വേണ്ടി താന്‍ നടത്തിയ പോരാട്ടമാണ് തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാക്കിയതെന്ന് ബസ് ഉടമ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് ബസ് സര്‍വീസ് നടത്താന്‍ ജീവനക്കാരാരും വന്നില്ല. തന്നെ തല്ലാന്‍ തയ്യാറാകുന്നവര്‍ ജീവനക്കാരെ കൊല്ലാന്‍ വരെ ശ്രമിക്കും.