ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതി നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ വീണ്ടും അന്വേഷണം. സരയൂ നദിയിലെ അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്വേഷണത്തിനായുള്ള ഉത്തരവ്.
അന്വേഷണത്തിനായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിലെയും അംഗങ്ങളെ ഉള്‍ക്കൊള്ളിച്ച് സംയുക്ത സമിതി രൂപീകരിച്ചു. ജസ്റ്റിസ് അരുണ്‍ കുമാര്‍ ത്യാഗി, ഡോ. എ സെന്തില്‍ വേല്‍ എന്നിവരടങ്ങുന്ന ഡല്‍ഹിയിലെ എന്‍ജിടിയുടെ പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഇന്നലെ ഉത്തരവിട്ടത്.
സംയുക്ത സമിതി ഒരാഴ്ചയ്ക്കുള്ളില്‍ യോഗം ചേരണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. 2016ലെ സുസ്ഥിര മണല്‍ ഖനന മാനേജ്‌മെന്റ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, 2020ലെ മണല്‍ ഖനനത്തിനായുള്ള എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് മോണിറ്ററിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും ബ്രിജ് ഭൂഷനെതിരെ അന്വേഷണം നടക്കുക. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആയിരിക്കും നോഡല്‍ ഏജന്‍സിയെന്നും ഉത്തരവ് പറയുന്നു.