ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിനെത്തുടര്‍ന്ന് പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിക്കപ്പെട്ട രാഹുല്‍ഗാന്ധി ചൊവ്വാഴ്ചത്തെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കും. മണിപ്പുര്‍ സംഘര്‍ഷത്തില്‍ ഇന്ത്യ സഖ്യത്തിനുവേണ്ടി കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവായ ഗൗരവ് ഗൊഗോയി അവതരിപ്പിച്ച പ്രമേയത്തിന്മേല്‍ ചൊവ്വാഴ്ചയാണ് ചര്‍ച്ച. വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ മറുപടിയും വോട്ടെടുപ്പും നടക്കും.
കോണ്‍ഗ്രസില്‍നിന്ന് ചര്‍ച്ചയ്ക്ക് തുടക്കമിടുക രാഹുല്‍ഗാന്ധിയായിരിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. സഭയുടെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിവസം മുതല്‍ തന്നെ മണിപ്പുര്‍ വിഷയത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയെന്ന ആവശ്യവുമായി ഇന്ത്യ സഖ്യം രംഗത്തെത്തിയിരുന്നു. എന്നാല്‍, ഈ ആവശ്യത്തോട് മുഖം തിരിച്ച കേന്ദ്രം ഹ്രസ്വചര്‍ച്ചയാവാമെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തുടര്‍ച്ചയായി ആവശ്യം ഉന്നയിച്ചിട്ടും അദ്ദേഹം സഭയില്‍ പ്രതികരിക്കാന്‍ തയ്യാറാവാത്തതോടെയാണ് അവിശ്വാസപ്രമേയ ചര്‍ച്ച വഴി അദ്ദേഹത്തെ സഭയില്‍ മറുപടി നല്‍കാന്‍ നിര്‍ബന്ധിതനാക്കുക എന്ന നിലപാടിലേക്ക് പ്രതിപക്ഷം എത്തിയത്.
134 ദിവസത്തെ അയോഗ്യത തിങ്കളാഴ്ചയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് നീക്കിയത്. അപകീര്‍ത്തിക്കേസില്‍ സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടുവര്‍ഷത്തെ തടവ് ശിക്ഷവിധിച്ചതോടെയാണ് വയനാട് എം.പിയായ രാഹുലിന് മേയില്‍ ലോക്സഭാ അംഗത്വം നഷ്ടമായത്. അയോഗ്യനാക്കാന്‍ എടുത്ത വേഗം, അംഗത്വം പുനഃസ്ഥാപിക്കാനില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയായിരുന്നു ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ നീണ്ടുപോയാല്‍ പ്രക്ഷോഭങ്ങള്‍ക്കും കോടതിയെ സമീപിക്കാനും കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തിയിരുന്നു.
അയോഗ്യതയ്ക്കിടയിലും കഴിഞ്ഞ ജൂണില്‍ രാഹുല്‍ഗാന്ധി മണിപ്പുരില്‍ രണ്ടുദിവസത്തെ സന്ദര്‍ശനം നടത്തിയിരുന്നു. ദുരിതാശ്വാസക്യാമ്പുകളിലുള്ളവരെ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെ പോലീസ് തടഞ്ഞിരുന്നു. കലാപബാധിതരെ സന്ദര്‍ശിച്ച അദ്ദേഹം മണിപ്പുരിലേത് ഹൃദയഭേദകമായ കാഴ്ചയാണെന്ന് പ്രതികരിച്ചിരുന്നു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ തനിക്ക് ആവുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പുനല്‍കിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ രാഷ്ട്രീയ ചോദ്യങ്ങളെ ഒഴിവാക്കിയായിരുന്നു പ്രതികരണം നടത്തിയത്. മണിപ്പുരിലെ വിവിധ വിഭാഗങ്ങളുമായും പൗരപ്രമുഖരുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.