KERALALATEST

അര്‍ധബോധാവസ്ഥയില്‍ നല്‍കുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയല്ല: ഹൈക്കോടതി

കൊച്ചി: കാമുകന്‍ നല്‍കിയ ലഹരി പാനീയം കുടിച്ചതിനെ തുടര്‍ന്ന് അര്‍ധബോധാവസ്ഥയിലായ പെണ്‍കുട്ടി ലൈംഗിക ബന്ധത്തിനു സമ്മതിച്ചത് അനുമതിയായി കണക്കാക്കാനാവില്ലെന്നു ഹൈക്കോടതി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനിയെ കോളജില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയായ സീനിയര്‍ വിദ്യാര്‍ഥിക്ക് എറണാകുളത്തെ എസ്സി/എസ്ടി സ്‌പെഷല്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതു ശരിവച്ചു കൊണ്ടാണു ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
2022 നവംബര്‍ 18നു ലൈബ്രറിയിലേക്കു തന്നെ വിളിച്ചു വരുത്തിയ പ്രതി സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയുമായിരുന്നു എന്നും അയാള്‍ തന്ന കേക്കും വെള്ളവും കഴിച്ചതോടെ തന്റെ കാഴ്ച മങ്ങിയെന്നുമാണു പെണ്‍കുട്ടിയുടെ മൊഴി.
അര്‍ധബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കോളജിന്റെ മുകള്‍ നിലയിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണു കേസ്. ഭീഷണിപ്പെടുത്തി പിന്നീടും പലതവണ പീഡിപ്പിച്ചതായി ആരോപണമുണ്ട്. എന്നാല്‍, കോളജ് പഠനകാലത്ത് തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും പിന്നീട് ബന്ധം വഷളായപ്പോള്‍ കള്ളക്കേസ് ചമച്ചതാണെന്നും പ്രതി മുന്‍കൂര്‍ ജാമ്യത്തിനുള്ള അപ്പീലില്‍ വാദിച്ചു.
പ്രതി നല്‍കിയ പാനീയം കുടിച്ച പെണ്‍കുട്ടി അര്‍ധബോധാവസ്ഥയിലായതിനാല്‍ ബോധപൂര്‍വം അനുമതി നല്‍കിയതായി കരുതാനാവില്ലെന്നു കോടതി പറഞ്ഞു. പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷന്‍ കേസില്‍ കഴമ്പുണ്ടെന്നു വിലയിരുത്തിയ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കീഴ്‌ക്കോടതി നടപടിയില്‍ തെറ്റില്ലെന്നും വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker