ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപുജാരിണി ഉമാദേവി അന്തർജനം (96) അന്തരിച്ചു. മണ്ണാറശാല ഇല്ലത്തായിരുന്നു അന്ത്യം. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്.
തൊട്ടുമുൻപുള്ള വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്‌ടോബർ 24നു സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്. 1995 മാർച്ച് 22ന് ആണ് ക്ഷേത്രത്തിൽ അമ്മ പൂജ തുടങ്ങിയത്. മണ്ണാറശാല അമ്മ എന്നാണ് ഭക്തർ ഇവരെ വിളിക്കുന്നത്. സ്ത്രീകള്‍ പൂജാരിണിയായ ലോകത്തിലെ ഏക നാഗക്ഷേത്രമാണ് മണ്ണാറശാല. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം മുഖ്യപുജാരിണിയാണ് നടത്തുന്നത്. ഇല്ലത്ത് വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിർന്ന അംഗമാണ് മണ്ണാറശാല അമ്മയായി സ്ഥാനമേൽക്കുന്നത്.
കാര്‍ത്തികപള്ളി താലൂക്കില്‍ ഡാണാപ്പടിയില്‍ മരങ്ങള്‍ ഇടതിങ്ങി വളര്‍ന്ന കാവിന്റെ നടുവിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മണ്ണാറശ്ശാല ക്ഷേത്രത്തിലേക്കുള്ള നടപ്പാതയില്‍ വഴിക്ക് ഇരുവശവും മരങ്ങളുടെ ചുവട്ടിലുമായി 30,000ത്തോളം നാഗ പ്രതിമകളുണ്ട്. ഇത്രയും നാഗപ്രതിമകളുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് മണ്ണാറശാല. കുട്ടികള്‍ ഉണ്ടാവാനായി സ്ത്രീകള്‍ ഇവിടെ വന്ന് വഴിപാടു കഴിക്കുന്നു. കുഞ്ഞുങ്ങള്‍ ഉണ്ടായിക്കഴിയുമ്പോള്‍ അവര്‍ കുട്ടികളുമായി വന്ന് നാഗരാജാവിന് നന്ദിപ്രകടിപ്പിച്ചുകൊണ്ടുള്ള കര്‍മ്മങ്ങള്‍ നടത്തുന്നു. ഈ കര്‍മ്മങ്ങള്‍ക്ക് മിക്കപ്പോഴും വിശ്വാസികള്‍ നാഗ പ്രതിമകളെയും കൊണ്ടുവരാറുണ്ട്. ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന പ്രത്യേകമായി നിര്‍മ്മിച്ച മഞ്ഞള്‍ കുഴമ്പ് രോഗസംഹാരിയാണെന്നാണ് വിശ്വാസം.
ക്ഷേത്ര ഐതിഹ്യം
ഖാണ്ഡവവനത്തില്‍ തീയ് കിഴക്കോട്ട് പടര്‍ന്ന് പരശുരാമന്‍ സര്‍പ്പപ്രതിഷ്ഠനടത്തിയ കാവുവരെ വ്യാപിച്ചു. അന്ന് ആ ഇല്ലങ്ങളിലുണ്ടായിരുന്ന അമ്മമാര്‍ കുളങ്ങളില്‍ നിന്ന് വെള്ളം കോരി തീ കെടുത്തി. അങ്ങനെ അത്രയും കാവ് നശിച്ചില്ല. എങ്കിലും അഗ്‌നിയുടെ തീവ്രമായ ജ്വലനത്താല്‍ മണ്ണിന് ചൂടുപിടിച്ചു. അഗ്‌നി കെട്ടടങ്ങിയിട്ടും ഇല്ലത്തെ അമ്മമാര്‍ മണ്ണിന്റെ ചൂടാറുന്നതുവരെ വെള്ളമൊഴിച്ചു. മണ്ണിന്റെ ചൂടാറിയുണ്ടായ ഈ പ്രദേശത്തെ മുഴുവന്‍ ഇനി മുതല്‍ മണ്ണാറശാല എന്നറിയട്ടെ എന്നാരോ വിളിച്ചു പറഞ്ഞതായി എല്ലാവരും കേട്ടു. ക്രമേണ ഇതു മണ്ണാറശാലയായി.
ഈ സ്ഥലമിന്ന് കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിനു വടക്ക് പടിഞ്ഞാറുവശത്താണുള്ളത്. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ് സര്‍പ്പം തുള്ളല്‍. ഇത് നാല്പത്തിയൊന്ന് കൊല്ലം കൂടുമ്പോഴാണ് നടത്തുന്നത്. ഏറ്റവും അവസാനമായി നടത്തിയത് 1976 -ലാണ്. സര്‍പ്പം തുള്ളലിന് ഒന്‍പതു പേര്‍ പങ്കെടുക്കുന്നു. നാഗരാജാവിന്റെയും യക്ഷിയമ്മയുടെയും പ്രതിനിധിയായി വലിയ അമ്മയും ചെറിയ അമ്മയും തുള്ളുന്നു. മറ്റുള്ള കരിനാഗം, പറനാഗം, കുഴിനാഗം, എരിനാഗം, ഐമ്പടനാഗം, നാഗയക്ഷി തുടങ്ങിയവയെ സങ്കല്പിച്ച് തുള്ളുന്നത് നായര്‍ തറവാടുകളിലെ പ്രായം ചെന്ന സ്ത്രീകളാണ്.
ഏകദേശം രണ്ടാഴ്ചയോളമുള്ള പൂജാകര്‍മങ്ങളും ആഘോഷങ്ങളുമാണ് ഇതിന്റെ ഭാഗമായുള്ളത്. സര്‍പ്പംപാട്ടും സര്‍പ്പം തുള്ളലും കഴിഞ്ഞാല്‍ തൊട്ടടുത്ത വര്‍ഷം പള്ളിപ്പാന എന്ന അനുഷ്ഠാനം നടത്തുന്നു. അടുത്തവര്‍ഷം ഗന്ധര്‍വന്‍പാട്ട് നടത്തുകയാണ് പതിവ്. ഇതിന്റെ പ്രത്യേകത കുറുപ്പന്മാര്‍ കളമെഴുതുകയും ക്ഷേത്രത്തിലെ വലിയ അമ്മ പൂജ നടത്തുകയും ചെയ്യുന്നുവെന്നതാണ്. ഇതിന്റെ അടുത്തവര്‍ഷം പുലസര്‍പ്പം പാട്ടുനടത്തും.