തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്ക് ജയിലില്‍ പോകേണ്ടിവരുമെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍. കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള അന്തര്‍ധാരയില്ലായിരുന്നെങ്കില്‍ താനുള്‍പ്പെടെ ഏഴുപേര്‍ നിയമസഭയിലുണ്ടാകുമായിരുന്നെന്നും ശോഭ പറഞ്ഞു.
സ്വര്‍ണക്കടത്തുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവരെ കേന്ദ്ര ഏജന്‍സികള്‍ കണ്ട് സംസാരിച്ചതാണ്. സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മകളും ഭാര്യയുംവരെ ചോദ്യംചെയ്യലിന് വിധേയമാകേണ്ടിവരും. ഇല്ലാത്ത കാര്യങ്ങള്‍ പൊതുമധ്യത്തില്‍ സംസാരിക്കുന്നയാളല്ല താന്‍. വരാന്‍ പോകുന്ന നാളുകളില്‍ മുഖ്യമന്ത്രിയുടെ മകളും ജയിലില്‍ പോകേണ്ടിവരുമെന്നും ശോഭ പറഞ്ഞു.
കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും അഖിലേന്ത്യാ നേതൃത്വങ്ങള്‍ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഈ അന്തര്‍ധാര പ്രവര്‍ത്തിക്കുന്നു. ഇവിടെ കോണ്‍ഗ്രസും സി.പി.എമ്മും ഒന്നായി മത്സരിക്കുന്നില്ലെങ്കിലും എല്ലാ മേഖലയിലും ഇവര്‍ ഒന്നിച്ചുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളില്‍ ബി.ജെ.പി.യെ രണ്ടാമതാക്കിയത് ഈ അന്തര്‍ധാരയാണ്. ഈ അന്തര്‍ധാരയുണ്ടായിരുന്നില്ലെങ്കില്‍ താനുള്‍പ്പെടെ ഏഴുപേര്‍ നിയമസഭയിലുണ്ടാവുമായിരുന്നെന്നും ശോഭ വ്യക്തമാക്കി.
പിണറായിയെ നിയമസഭയില്‍ സഹായിക്കുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടെ അന്യായങ്ങള്‍ക്കെതിരേ സഭയ്ക്കകത്ത് പ്രതികരിക്കാനുള്ള ശക്തി കോണ്‍ഗ്രസ് പ്രകടിപ്പിച്ചിരുന്നെങ്കില്‍ കേരളം ഈ സാഹചര്യത്തിലേക്ക് മാറില്ലായിരുന്നു. വി.ഡി. സതീശന്‍ അവിടെ പോകുന്നത് കപ്പലണ്ടി കച്ചവടത്തിനല്ല. പല കാര്യങ്ങളും ചോദിക്കാനും എം.എല്‍.എ.മാരോട് ചോദിപ്പിക്കാനും കഴിയുമെന്നിരിക്കേ, ഇപ്പോള്‍ വീണിടം വിഷ്ണുലോകമാക്കിക്കൊണ്ട് സതീശന്‍ മുന്നോട്ടുപോകേണ്ട. ആഭ്യന്തര വകുപ്പിന് കീഴില്‍ ബി.ജെ.പി.യെ രക്ഷിക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളല്ല കേരള ജനത. സതീശന്‍ പിണറായിയെ പഠിക്കാന്‍ തയ്യാറുണ്ടെങ്കില്‍ പിണറായിയുടെ സകല ചരിത്രവും കേരളത്തിലെ പൊതുജനങ്ങളുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ സര്‍വ നേതാക്കളുടെയും പേരുകള്‍ കരിമണല്‍ കര്‍ത്തയുടെ പാഠപുസ്തകത്തില്‍നിന്ന് ലഭിച്ചിട്ടുണ്ട്. രാത്രിയില്‍ പിണറായിയെ കൊതുക് കടിക്കുന്നുണ്ടോ എന്നുനോക്കി അതിനെ പറത്താനായി പിണറായിയുടെ കാലിനടിയിലാണോ സതീശന്‍ ഉറങ്ങാറ്. അങ്ങനെയാണെങ്കില്‍ സുരേന്ദ്രന്‍ വന്നത് കണ്ടിട്ടുണ്ടാകുമെന്നും സതീശന്റെ ആരോപണത്തിന് ശോഭ സുരേന്ദ്രന്‍ മറുപടി നല്‍കി.