ഡല്‍ഹി: വിദ്വേഷപ്രസംഗങ്ങള്‍ ഏത് വിഭാഗങ്ങള്‍ നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി. ഇതിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികള്‍ എടുക്കുമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. നൂഹ് സംഘര്‍ഷത്തിന് ശേഷം മുസ്സീം വിഭാഗത്തിനെതിരെ നടന്ന വിദ്വേഷപ്രചാരണത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെ കേരളത്തില്‍ ലീഗ് റാലിയില്‍ നടന്ന വിദ്വേഷമുദ്രവാക്യം ഒരു ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ആണ് കോടതി നീരീക്ഷണം. ഹര്‍ജികളില്‍ വിശദവാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഈ മാസം 25 ലേക്ക് മാറ്റി.
കരാര്‍ ജീവനക്കാരുടെ പ്രസവാനൂകൂല്യത്തില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീം കോടതി. കരാര്‍ കാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യങ്ങള്‍ നല്‍കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 1961 ലെ പ്രസവാവധി ആനുകൂല്യം നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം കരാര്‍ തൊഴിലാളിക്ക് സ്ഥാപനവുമായുള്ള കരാര്‍ അവസാനിച്ചാലും പ്രസവാവധിക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കോടതി വ്യക്തമാക്കി.
പ്രസവാവധി ആനുകൂല്യങ്ങള്‍ നിഷേധിച്ചതിനെതിരെ വനിതാ ഡോക്ടര്‍ സമര്‍പ്പിച്ച പരാതിയിലാണ് നിര്‍ണായക തീരുമാനം. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സഞ്ജയ് കുമാര്‍. ജസ്റ്റിസ് എസ്വിഎന്‍ ഭാട്ടി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം. 11 ദിവസത്തേക്ക് മാത്രം പ്രസവാവധി ആനുകൂല്യങ്ങള്‍ നല്‍കിയതിനെ ശരിവച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെയാണ് ഡോക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കരാര്‍ കാലം അവസാനിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് ആനുകൂല്യം നിഷേധിച്ചത്. 3 മാസത്തിനുള്ളില്‍ 1961 ലെ പ്രസവാവധി ആനുകൂല്യ നിയമത്തിലെ സെക്ഷന്‍ 5 പ്രകാരമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.
ആനുകൂല്യങ്ങള്‍ നല്‍കിയാല്‍ അത് കരാര്‍ നീട്ടിയതായി കണക്കാക്കുമെന്ന എതിര്‍വാദം തള്ളിയാണ് കോടതിയുടെ തീരുമാനം. കരാര്‍ നീട്ടാനല്ല പരാതിക്കാരി ആവശ്യപ്പെടുന്നതെന്നും അര്‍ഹതപ്പെട്ട ആനുകൂല്യമാണ് ചോദിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹിയിലെ എന്‍സിടി യുടെ കീഴിലുള്ള ജനക്പുരി ആശുപത്രിയിലെ കരാര്‍ അടിസ്ഥാനത്തിലെ ഡോക്ടറാണ് പരാതിക്കാരി.