KERALALATEST

‘അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം’, പ്രവര്‍ത്തകരെ നമിക്കുന്നു; പ്രവര്‍ത്തക സമിതി അംഗത്വത്തില്‍ ആദ്യ പ്രതികരണവുമായി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ശശി തരൂര്‍ രംഗത്ത്. അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമെന്നാണ് തരൂര്‍ പ്രതികരിച്ചത്. പ്രവര്‍ത്തകരെ നമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുന്നത് അഭിമാനമായി കരുതുന്നു എന്നും തരൂര്‍ ‘എക്‌സി’ല്‍ കുറിച്ചു. കഴിഞ്ഞ 138 വര്‍ഷമായി കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നതില്‍ സി ഡബ്ല്യു സി വഹിച്ച ചരിത്രപരമായ പങ്കിനെക്കുറിച്ച് അറിയാവുന്ന ഒരാളെന്ന നിലയില്‍, അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ നേട്ടമായി കരുതുന്നു. പാര്‍ട്ടിയും പ്രവര്‍ത്തകരും അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും തരൂര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ എതിരാളിയായി മത്സരിച്ച് വലിയ പിന്തുണ നേടാന്‍ ശശി തരൂരിന് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തരൂരിന് ഇടം ലഭിക്കുമെയെന്ന കാര്യത്തില്‍ വലിയ ആകാക്ഷയുണ്ടായിരുന്നു. എല്ലാത്തരം ആകാംക്ഷകള്‍ക്കും കൂടിയാണ് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഉത്തരം നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെട്ടതുവഴി സംഘടനപരമായി പാര്‍ട്ടിയില്‍ ഉയരാന്‍ കൂടി ശശി തരൂരിന് സാധിക്കുമെന്നതാണ് മെച്ചം.
39 അംഗ പ്രവര്‍ത്തക സമിതിയെ ഇന്ന് ഉച്ചയോടെയാണ് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരുമാണ് പ്രവര്‍ത്തക സമിതിയിലുള്ളത്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉള്‍പ്പപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനില്‍ ഇടഞ്ഞുനിന്ന സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ഉള്‍പ്പെടുത്തി. തിരുത്തല്‍ വാദികളായ ജി – 23 നേതാക്കളെയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജി – 23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായി ഉള്‍പ്പെടുത്തി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker