KERALALATEST

അത്തച്ചമയം കേരളത്തിന്റെ ടാഗ് ലൈന്‍ ആക്കണം, ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്ന് മമ്മൂട്ടി

കൊച്ചി: വര്‍ണാഭമായ അത്തം ഘോഷയാത്രയോടെ മലയാളക്കരയുടെ ഓണാഘോഷത്തിന് തുടക്കമായി. തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലെ അത്തം നഗറില്‍ നിന്നു തുടങ്ങി നഗരം ചുറ്റിയാണ് ഘോഷയാത്ര. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. നടന്‍ മമ്മൂട്ടി ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. വ്യവസായ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തി.
അത്താഘാഷ പരിപാടിയില്‍ അതിഥിയായി എത്തുന്നത് ആദ്യമായാമെന്ന് മമ്മൂട്ടി പറഞ്ഞു. ചെമ്പിലുള്ള ആളാണ്. നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിന് മുമ്പ് അത്തം ഘോഷയാത്രക്ക് വായ് നോക്കി നിന്നിട്ടുണ്ട്. അന്നും പുതുമുയും അത്ഭുതവും ഉണ്ട്. ഇന്നും അത് വിട്ടുമാറിയിട്ടില്ല. ഏത് സങ്കല്‍പ്പത്തിന്റയോ ഏത് വിശ്വാസത്തിന്റേയോ പേരിലായാലും ഓണം നമുക്ക് ആഘോഷമാണ്. അത്തച്ചമയം വലിയ സാഹിത്യ സാംസ്‌കാരിക ആഘോഷമാക്കി മാറ്റണം. ഘോഷയാത്രക്ക് അപ്പുറം സാംസ്‌കാരിക മേഖലക്ക് സംഭവന നല്‍കിയവരെ കൂടി പങ്കെടുപ്പിച്ച്, അവരുടെ ലോകോത്തരമായ കലാരൂപങ്ങള്‍ അവതരിപ്പിക്കണം. അത്തച്ചമയം കേരളത്തിന്റെ വലിയ ടാഗ് ലൈന്‍ ആകും.ട്രേഡ്മാര്‍ക്ക് ആകും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്നും മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു. മനുഷ്യരെ ഒന്നിപ്പിക്കുന്ന ആഘോഷമായി ഓണം നിലനില്‍ക്കെട്ടെയന്നും മമ്മൂട്ടി ആശംസിച്ചു.
അത്തച്ചമയമായിരുന്നു പണ്ടൊക്കെ എന്ന് കേട്ടിട്ടുണ്ട്. അതായത്, രാജാക്കന്മാര്‍ സര്‍വാഭരണ വിഭൂഷിതരായി തെരുവോരങ്ങളില്‍ ഘോഷയാത്രയായി വരികയും പ്രജകള്‍ കാത്തു നില്‍ക്കുകയും ചെയ്യുന്ന ഒരു കാലമായിരുന്നു. രാജഭരണം പോയി, ഇപ്പോള്‍ പ്രജകളാണ് രാജാക്കന്മാര്‍. നമ്മള്‍ പ്രജകളാണ് സര്‍വാഭരണ വിഭൂഷിതരായി ആഘോഷിക്കുന്നത്. വലിയൊരു ജനാധിപത്യ കാലഘട്ടത്തില്‍ നമ്മള്‍ ജീവിക്കുമ്പോള്‍ ഈ ആഘോഷം പൂര്‍ണമായും ജനങ്ങളുടേതാണ്. നമ്മുടെ സന്തോഷത്തിന്റെയും സൗഹാര്‍ദത്തിന്റെയും സ്‌നേഹത്തിന്റെയുമൊക്കെ ആഘോഷമായിട്ടാണ് ഇപ്പോള്‍ അത്തച്ചമയം ആഘോഷിക്കുന്നത്.
അത്താഘോഷം എന്ന സങ്കല്പം വലിയ സാഹിത്യ, സംഗീത, സാംസ്‌കാരിക ആഘോഷമാക്കി മാറ്റാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന അപേക്ഷ ഒരു സാംസ്‌കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ എനിക്കുണ്ട്. ഇതിനേക്കാളും വലിയ ആഘോഷമാക്കാന്‍ നമുക്ക് സാധിക്കും. ഘോഷയാത്ര എന്നതിനപ്പുറം, നമ്മുടെ സാംസ്‌കാരിക രംഗത്ത് സംഭാവനകള്‍ നല്‍കിയവരുടെ പ്രകടനങ്ങള്‍ കൂടി വെച്ചാല്‍ അതിന്റെ ഭംഗി വര്‍ദ്ധിക്കുകയും ലോകോത്തരങ്ങളായ ഒരുപാട് കലാരൂപങ്ങളിവിടെ അവതരിപ്പിക്കപ്പെടുകയും അത് നമുക്ക് അനുഭവവേദ്യമാക്കി തീര്‍ക്കാന്‍ സാധിക്കുകയും ചെയ്യും. അത്തം എന്ന് പറയുന്നത് ഓണത്തെപ്പോലെ തന്നെ കേരളത്തിന്റെ തന്നെ ഒരു ട്രേഡ് മാര്‍ക്ക് ആകുന്ന, സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒരാഘോഷമാക്കി മാറ്റണം എന്ന അഭിപ്രായംകൂടി എനിക്കുണ്ട്. ഈ ആഘോഷം നമ്മിലേയ്ക്ക് പകര്‍ത്തുന്നത് സ്‌നേഹത്തിന്റെ സന്ദേശമാണ്.
ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി. മനുഷ്യരെ എല്ലാവരെയും ഒന്നുപോലെ കാണുക എന്ന സങ്കല്പം ഇങ്ങനെ ഈ ലോകത്ത് മറ്റെങ്ങുമുള്ളതായി നമുക്കറിയില്ല. സൃഷ്ടിയില്‍ പോലും മനുഷ്യര്‍ എല്ലാവരും ഒരുപോലെയല്ല. പക്ഷെ, മനസ്സുകൊണ്ടും സ്‌നേഹംകൊണ്ടും നമുക്ക് ഒരേപോലെയുള്ള മനുഷ്യരാകാം. അതിന് ഈ ആഘോഷങ്ങളും സങ്കല്പങ്ങളും ഉപകരിക്കട്ടെ. എല്ലാക്കാലങ്ങളിലും ഓണത്തിന്റെ മനസ്സോടെ ഇരിക്കാന്‍ സാധിക്കട്ടെ എന്ന് ആ?ഗ്രഹിക്കുന്നു’, മമ്മൂട്ടി പറഞ്ഞു.
വന്‍ പൊലീസ് സുരക്ഷയാണ് ഘോഷയാത്രക്കായി വിന്യസിച്ചിരിക്കുന്നത്.. ഞായറാഴ്ചയായതിനാലും കാലാവസ്ഥ അനുകൂലമായതിനാലും ഇത്തവണ വലിയ തിരക്കാണ്. മാവേലിമാര്‍,പുലികളി, തെയ്യം, നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങി വര്‍ണാഭമായ കാഴ്ചകളാണ് അത്തച്ചമയ ഘോഷയാത്രയില്‍ അണിനിരക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker