ന്യൂഡല്‍ഹി:പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇന്ത്യ. അതിര്‍ത്തി കടന്ന് ഭീകര ക്യാംപുകള്‍ തകര്‍ക്കുന്നതിനായി വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ കരസേനയും പ്രതിരോധ മന്ത്രാലയവും നിഷേധിച്ചു. അതേസമയം, ജമ്മു കശ്മീരിലെ ബാലാകോട്ട് സെക്ടറില്‍ നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരരുടെ ശ്രമം തടഞ്ഞതായി സൈന്യം സ്ഥിരീകരിച്ചു. ഇത് സര്‍ജിക്കല്‍ സ്‌ട്രൈക്കല്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടു ഭീകരര്‍ തിങ്കളാഴ്ച രാവിലെ നിയന്ത്രണ രേഖ കടക്കാന്‍ ശ്രമം നടത്തുന്നതായി സൈന്യത്തിനു വിവരം ലഭിച്ചിരുന്നതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥയും മൂടല്‍മഞ്ഞും മറയാക്കി ബാലകോട്ട് സെക്ടറിലെ ഹാമിര്‍പൂര്‍ പ്രദേശം വഴി ഇന്ത്യയിലേക്കു കടക്കാനായിരുന്നു ഇവരുടെ നീക്കം. ഇതു തടഞ്ഞാതായാണ് വിശദീകരണം.
”ബാലകോട്ട് സെക്ടറിന് എതിര്‍വശത്തുനിന്ന് നിയന്ത്രണ രേഖ കടക്കാന്‍ ഭീകരര്‍ ശ്രമം നടത്തുന്നതായി ചില ഇന്റലിജന്‍സ് ഏജന്‍സികള്‍ ജമ്മു കശ്മീര്‍ പൊലീസിനു വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് ഇതേക്കുറിച്ച് സൈന്യത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പിന്നീട് പതിയിരുന്ന് ആക്രമണം നടത്തി ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു’ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
നേരത്തെ, പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ഒരിക്കല്‍ക്കൂടി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച രാത്രി നിയന്ത്രണ രേഖയ്ക്കും 2.5 കിലോമീറ്റര്‍ ഉള്ളിലേക്കു കടന്ന് ഭീകരരുടെ നാല് ലോഞ്ചിങ് പാഡുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തെന്നായിരുന്നു ചില സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പുറത്തു വന്നത്.
ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ 78 ഭീകരര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ മിഷനില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈനികര്‍ യാതൊരു കുഴപ്പവും കൂടാതെ തിരിച്ചെത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.