തുവ്വൂര്‍(മലപ്പുറം): വീട്ടുവളപ്പില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. തുവ്വൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം റെയില്‍വേ പാളത്തിനടുത്തുള്ള വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്. തിങ്കള്‍ രാത്രി ഒന്‍പതിനാണ് പൊലീസ് പരിശോധന നടത്തിയത്. മൃതദേഹം മുഴുവനായി പുറത്തെടുക്കാനായിട്ടില്ല. ചൊവ്വാഴ്ച ഫൊറന്‍സിക് വിഭാഗം എത്തിയ ശേഷമേ മൃതദേഹം പുറത്തെടുക്കൂ.
കഴിഞ്ഞ 11ന് പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിത(35)യെ കാണാതായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. തുടര്‍ന്ന് ഇയാളുടെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ വീടിനു പിന്‍ഭാഗത്ത് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
എന്നാല്‍, കണ്ടെത്തിയ മൃതദേഹം യുവതിയുടെതാണോയെന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്നു പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.